തൃശൂർ: ഭക്ഷണപ്രിയർക്കു വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാനായി ശുചിത്വ റേറ്റിംഗ് (ഹൈജീൻ റേറ്റിംഗ്) നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ. ഭക്ഷണത്തിലെ മായം ചേർക്കലും ഭക്ഷ്യവിഷബാധ റിപ്പോർട്ടുകളും വർധിക്കുന്ന സാഹചര്യത്തിലാണു നടപടി.
ശുചിത്വ റേറ്റിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കു തുടർ പ്രവർത്തനാനുമതി നൽകേണ്ടെന്നാണു വകുപ്പു തീരുമാനം. സ്വദേശികൾക്കും വിദേശികൾക്കും ശുചിയുള്ള ഭക്ഷണം വിതരണം ചെയ്യുന്ന രാജ്യമെന്ന പദവിയിലേക്ക് ഉയരുകയാണു ലക്ഷ്യം. ഇതിലൂടെ ഇന്ത്യയുടെ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലോകത്തിന്റെ തീൻമേശയിൽ വിളന്പാനാകുമെന്നാണു പ്രതീക്ഷ.
ശുചിത്വ റേറ്റിംഗ് ലഭിച്ചാൽ സ്റ്റാർ ഹോട്ടലുകളിൽ മാത്രമല്ല, മികച്ച ഫുഡ് റേറ്റിംഗ് ഉള്ള ഗ്രാമീണ ഭക്ഷണശാലകളിൽവരെ വിദേശികളടക്കമുള്ളവർ എത്തും. ഇന്ത്യയിലെ നാടൻ ഭക്ഷണങ്ങൾക്കു വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ വൻ ഡിമാൻഡാണെന്നു ടൂർ ഒാപ്പറേറ്റർമാർ വ്യക്തമാക്കുന്നു.
വിവിധ പരിശോധനകൾ നടത്തി ഒന്നു മുതൽ അഞ്ചു സ്മൈലികൾ വരെ നല്കുന്നതാണു ശുചിത്വ റേറ്റിംഗ്. ഇത് ഫുഡ് ആൻഡ് സേഫ്റ്റിയുടെ ഇൗറ്റ് റൈറ്റ് ഇന്ത്യ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. യാത്രികർക്ക് ഇന്ത്യയിലെവിടെയുമുള്ള ഹോട്ടലുകളുടെ നിലവാരം ഇതിലൂടെ അറിയാനാകും. ഈറ്റ് റൈറ്റ് ആപ്പിലൂടെയും റേറ്റിംഗ് ലഭിച്ച ഹോട്ടലുകളുടെ ഗുണനിലവാരം അറിയാം.
അഞ്ചു സ്മൈലികൾ ലഭിച്ചാൽ എക്സലന്റ്, നാലെണ്ണമാണെങ്കിൽ വെരി ഗുഡ്, മൂന്നെണ്ണം ഗുഡ്, രണ്ടെണ്ണമാണെങ്കിൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നിങ്ങനെയാണു ശുചിത്വ റേറ്റിംഗ് ലഭിക്കുക. അന്പതോളം മാനദണ്ഡ പരിശോധനയിൽ 81 മുതൽ നൂറുവരെ സ്കോർ ലഭിക്കുന്നവർക്കാണ് അഞ്ച് സ്മൈലികളും നൽകുന്നത്.
കേരളത്തിൽ 3,122 ഹോട്ടൽ, ബേക്കറി സ്ഥാപനങ്ങൾക്കു മാത്രമാണു ശുചിത്വ റേറ്റിംഗ് ലഭിച്ചത്. മികച്ച ഭക്ഷണശാലകൾ ധാരാളമുണ്ടെങ്കിലും പരിശോധനകൾ ഭയന്ന് അപേക്ഷിക്കാൻ വൈമുഖ്യം കാണിക്കുന്നതാണു കാരണം.
സ്ഥാപനത്തിന്റെ ലൈസൻസ്, ഫുഡ് സേഫ്റ്റി ഡിസ്പ്ലേ ബോർഡ്, ജലപരിശോധന റിപ്പോർട്ട്, ഭക്ഷണ സാമ്പിൾ ടെസ്റ്റ് റിപ്പോർട്ട്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഉപഭോക്തൃ പരാതി ലോഗ് ബുക്ക്, പരിശീലന രേഖകൾ, ജീവനക്കാരുടെ ശുചിത്വം എന്നിവയെല്ലാം പരിശോധിച്ചാണു റേറ്റിംഗ് സ്മൈലികൾ നല്കുന്നത്.
റേറ്റിംഗ് നല്കാൻ ഭക്ഷണ വിതരണ സ്ഥാപനങ്ങളെ ഓഡിറ്റ് ചെയ്യാനായി 35 ഏജന്സികള്ക്കാണു കേന്ദ്രസർക്കാർ അംഗീകാരം നല്കിയിട്ടുള്ളത്. രണ്ടു വർഷമാണു റേറ്റിംഗ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
ശുചിത്വ റേറ്റിംഗ് ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരമാണു മുന്നിൽ. 361 സ്ഥാപനങ്ങൾ തിരുവനന്തപുരത്ത് ശുചിത്വ റേറ്റിംഗ് നേടി. തൊട്ടുപിന്നിൽ 360 എണ്ണവുമായി കൊല്ലമെത്തി. കാസര്ഗോഡാണ് ഏറ്റവും കുറവ്. 36 എണ്ണം മാത്രം.
ടി.എ. കൃഷ്ണപ്രസാദ്