കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഭക്ഷണം എത്തിച്ചത് ആംബുലന്‍സില്‍. അതും മണിക്കൂറുകള്‍ക്ക്മുമ്പ് മൃതദേഹം കയറ്റിപ്പോയ ആംബുലന്‍സില്‍. ശനിയാഴ്ച്ചയാണ് സംഭവം. പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കായി മലാപ്പറമ്പിലായിരുന്നു ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. ബിജെപി ദേശീയ കൗണ്‍സില്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സാദാ വാഹനത്തില്‍ ഭക്ഷണവുമായെത്തിയാല്‍ ഗതാഗതക്കുരുക്കില്‍ പെടുമെന്ന് ഉറപ്പായിരുന്നു. അപ്പോഴാണ് സംഘാടകരില്‍ ഒരാളുടെ മനസില്‍ ലഡു പൊട്ടിയത്. എന്തുകൊണ്ട് ആംബുലന്‍സിനെ ആശ്രയിച്ചുകൂടാ. ഏതു ബ്ലോക്കില്ക്കൂടെ പോകാനും ആംബുലന്‍സിന് സാധിക്കുമല്ലോ. ഏതായാലും ഐഡിയയ്ക്ക് മേലധികാരികള്‍ പച്ചക്കൊടി കാണിച്ചു. അതോടെ ഭക്ഷണം എളുപ്പത്തില്‍ സമ്മേളനവേദിയിലെത്തുകയും ചെയ്തു.
സംഭവം മാധ്യമവാര്‍ത്തയായതോടെ വിശദീകരണവുമായി അധികൃതരെത്തി. മന്ത്രിയുടെ ഭക്ഷണം വൈകേണ്ടന്നു കരുതിയാണത്രേ ആംബുലന്‍സിനെ ആശ്രയിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നു വാങ്ങിയ ആംബുലന്‍സാണെങ്കിലും ഇതുവരെ മൃതദേഹങ്ങള്‍ കയറ്റിയിട്ടില്ലെന്നുമാണ് വിശദീകരണം.