കടുത്തുരുത്തി: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധന പ്രഹസനമായി. ഭക്ഷണത്തെകുറിച്ചും വൃത്തിയില്ലാത്തതിന്റെ പേരിലും പലതവണ പരാതി ഉയര്‍ന്നിട്ടുള്ള ഹോട്ടലുകള്‍ പലതും ഒഴിവാക്കിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
ഹോട്ടലുകളിലും ഭക്ഷണപാചകശാലകളിലും ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കടുത്തുരുത്തി ടൗണില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഹോട്ടലുകള്‍ക്കെതിരേ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉണ്ടായിട്ടും തിരിഞ്ഞു നോക്കാന്‍പോലും ഉദ്യാഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
ഇവിടുത്തെ പല ഹോട്ടലുകളില്‍നിന്നും ടൗണിലെ ഓടയിലേക്കാണു മലിനജലം ഒഴുക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്.
ഈ മലിനജലം ഒഴുകി സമീപത്തുള്ള കടുത്തുരുത്തി വലിയതോട്ടിലേക്കാണെത്തുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ആരോപണവിധേയമായ ഹോട്ടലുകള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. രാഷ്ട്രീയപിന്ബലമാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടന്നതെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ ആര്‍ജവമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണ് ഇത്തരക്കാര്‍ക്കെതിരേ നടപടിയുണ്ടാകത്തതിനു കാരണമെന്നു നാട്ടുകാര്‍ പറയുന്നു.
ലീഗല്‍ മെട്രോളജി, ഹെല്‍ത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി, പഞ്ചായത്ത് എന്നിവ സംയുക്തമായി സ്ക്വാഡ് രൂപീകരിച്ചു വില ഏകീകരിക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പേരിനു പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും മലിനജലം പൊട്ടിയൊഴുകുന്നതായി കാണപ്പെട്ട സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്കുന്നതിനു ശുപാര്‍ശ നല്‍കിയതായും അറിയിച്ചു.
കേന്ദ്ര നിയമപ്രകാരമുള്ള പുകവലി നിരോധിത ബോര്‍ഡ് വയ്ക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി ജെയിംസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ്. ഹരികുമാര്‍, സി.കെ. ജോഷി, അപര്‍ണ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
നാലു തവണ മുന്നറിയിപ്പു കൊടുത്തിട്ടും അവഗണിച്ചു ! ഒടുവില്‍ നഗരസഭ ഹോട്ടല്‍ പൂട്ടിച്ചു
കോട്ടയം: നാലുതവണ നഗരസഭ നോട്ടീസ് നല്‍കുകയും പലതവണ മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടും പഴകിയ മത്സ്യമാംസാദികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും മലിനജലം റോഡിലേക്ക് ഒഴുക്കുകയും ചെയ്ത മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നഗരസഭ പൂട്ടിച്ചു.
നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം കുമാരനെല്ലൂര്‍ സോണിലെ ആരോഗ്യവിഭാഗം അധികൃതരാണ് ഹോട്ടല്‍ അടച്ചുപൂട്ടിച്ചത്.