കൊല്ലം: മതിയായ യോഗ്യതയില്ലാത്തവരെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ നിയമിച്ചത് വിവാദമാകുന്നു. കുഷ്ഠരോഗ നിർമാജനരംഗത്ത് പ്രവർത്തിക്കുന്നതിനായി പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് എംപ്ലോയ്മെന്റ് വഴി ജീവനക്കാരെ നിയമിച്ചിരുന്നു.
ഇവരെ 2008ൽ സ്ഥിരപ്പെടുത്തി. ലെപ്രസി ഇൻസ്പെക്ടർമാരായി തുടർപ്രവർത്തനങ്ങളിൽ നിയമിക്കുകയും ചെയ്തു. ഇവരെ ഹെൽത്ത് ഇൻസ്പെക്ടർതസ്തികയിലേക്ക് നിയമിച്ച നടപടിയാണ് വിവാദമായത്.
നിലവിൽ പിഎസ് സി വഴി നിയമനം ലഭിച്ച ലെപ്രസി ഇൻസ്പെക്ടർമാർ, നോൺ മെഡിക്കൽ സൂപ്പർവൈസർ, അസി.ലെപ്രസി ഓഫീസർ എന്നിവർക്ക് സർക്കാർ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ലെപ്രസി ഇൻസ്പെക്ടർമാരെ ജൂനിയർ എച്ച്ഐ മാരായും നോൺ മെഡിക്കൽ സൂപ്പർവൈസർമാരെ എച്ച്ഐമാരായും നിയമിച്ചു. എന്നാൽ ഈ തസ്തികളിൽ നിയമിക്കപ്പെട്ട 30 ശതമാനത്തോളം ജീവനക്കാരും റിട്ടർചെയ്തു.
ഈ സാഹചര്യത്തിൽ ഉന്നത സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ജെഎച്ച്ഐ കോഴ്സുപോലും കിട്ടാത്തവരെ ജൂനിയർ എച്ച്ഐ തസ്തികയിൽ നിയമിക്കുകയായിരുന്നു.പ്രമോഷൻ പോസ്റ്റായ എച്ച്ഐ തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തികയിലും നിയമിച്ചു.
മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ നിയമിച്ച ഈ നടപടി ജീവനക്കാരുടെയിടയിൽ പ്രതിഷേധത്തിനിടവരുത്തിയിരിക്കുകയാണ്. വകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവർക്ക് ജീവനക്കാർ പരാതി നൽകി.