ബദിയഡുക്ക: ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ കോവിഡ് രോഗികളുടെ പ്രതിഷേധം.
ഇന്നലെ രാവിലെ 10.30 ഒാടെയാണ് രോഗികൾക്കുള്ള പ്രഭാതഭക്ഷണം എത്തിച്ചത്.
വേവാത്ത ഉപ്പുമാവാണ് രോഗികൾക്ക് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് രോഗികൾ ഭക്ഷണം കഴിക്കാതിരുന്നു.
എന്നാൽ മരുന്ന് കഴിക്കുന്നതിനു മുന്പ് ഭക്ഷണം കഴിക്കേണ്ടത് ആവശ്യമായതുകൊണ്ടും ഭക്ഷണം കിട്ടാൻ മറ്റ് യാതൊരു വഴിയുമില്ലാത്തതിനാലും ഇവർ ഇത് കഴിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറിന് ആവശ്യത്തിന് കറികളില്ലായിരുന്നു. ഇതിനെയും രോഗികൾ ചോദ്യം ചെയ്തു.
ഒരുദിവസത്തെ ഭക്ഷണത്തിന് ഒാരോ രോഗിയ്ക്കും 150 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
ചട്ടഞ്ചാലിലെ ഒരു വ്യക്തിയാണ് ഇവിടെ ഭക്ഷണമെത്തിക്കാൻ കരാറെടുത്തിരിക്കുന്നത്.
പ്രാതൽ, ഉച്ചയൂണ്, വൈകുന്നേരം ചായ, രാത്രി ചോറ് എന്നിവയാണ് രോഗികൾക്ക് നൽകുന്നത്.
ഭക്ഷണത്തിന്റെ പോരായ്മയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും കരാറുകാരൻ കേട്ട ഭാവംപോലും നടിച്ചിട്ടില്ലെന്ന് രോഗികൾ പറയുന്നു.
എംഎൽഎ ഇടപെട്ടു; നല്ല ഭക്ഷണം ലഭിച്ചു തുടങ്ങി
ബദിയഡുക്ക: എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് ഇന്നലെരാത്രി മുതൽ മെഡിക്കൽ കോളജിൽ നല്ല ഭക്ഷണം ലഭിച്ചു തുടങ്ങി.
കോവിഡ് പോസിറ്റീവ് ആയ ആളുകൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല ഭക്ഷണമാണ്. രണ്ട് ദിവസമായി മെഡിക്കൽ കോളജിൽനിന്ന് ലഭിക്കുന്ന പരാതികൾ ഭക്ഷണവുമായി ബന്ധപ്പെട്ടാണ്.
ആർക്കും കഴിക്കാൻ പറ്റാത്ത ഭക്ഷണമാണ് മെഡിക്കൽ കോളജിലെ രോഗികൾക്കും സ്റ്റാഫിനും നൽകിയിരുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
ഇക്കാര്യം മെഡിക്കൽ കോളജിന്റെ ചാർജുള്ള ഡി പിഒ ഡോ. രാമൻ സ്വാതി വാമന്റ ശ്രദ്ധയിൽപ്പെടുത്തിയതനുസരിച്ച് ഭക്ഷണത്തിന്റെ കരാർ ഏറ്റെടുത്ത ആളെ ബന്ധപ്പെടുകയും ഉക്കിനടുക്കയിലേക്ക് നേരിട്ട് ചെന്ന് ഭക്ഷണം പാകം ചെയ്യുന്ന കാന്റീൻ സന്ദർശിക്കുകയും ചെയ്തു.
കരാറുകാരനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് നേരവും നല്ല ഭക്ഷണം നൽകാമെന്ന് സമ്മതിച്ചതായി എംഎൽഎ പറഞ്ഞു.
ഇതുവരെ ഭക്ഷണം നൽകിയ വകയിൽ അഞ്ചു ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറോട് ഈ തുക പെട്ടെന്ന് കൈമാറാൻ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടി വരികയാണെന്ന് എംഎൽഎ പറഞ്ഞു.
ഉക്കിനടുക്കയിലെ മെഡിക്കൽ കോളജ് ജില്ലയിലെ സിഎഫ്എൽടിസികളിൽ ഒന്നാണ്. 160 ബെഡുകളാണ് ഇവിടെയുള്ളത്. 115 ളം രോഗികളെ ഇവിടെ പ്രവേശിപ്പിച്ചു കഴിഞ്ഞു.