പാലാ: ക്യാമ്പുകളില്‍ കഴിയുന്ന പ്രളയ ദുരിത ബാധിതര്‍ക്ക് വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ശേഖരിച്ചു നല്കി കാരുണ്യത്തിന്റെ മുഖമായി രണ്ട് പെണ്‍കുട്ടികള്‍. ഏഴാച്ചേരി ഗ്രാമത്തില്‍ നന്മയുടെ തിരി വെട്ടമായത് കളിക്കൂട്ടുകാരികളായ കാര്‍ത്തികയും ആഷയും.
ഇന്നലെ ഏഴാച്ചേരിയിലെ ഓരോ വീടും കയറിയിറങ്ങി മൂന്നു മണിക്കൂര്‍ കൊണ്ട് ഇവര്‍ ശേഖരിച്ചത് നൂറോളം ഭക്ഷണപ്പൊതികൾ. ഒപ്പം ദുരിതാശ്വാസ ധനസഹായ നിധിയിലേക്ക് പണവും. കെടുതിയില്‍പ്പെട്ട് പാലായിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ദൈന്യതയില്‍ നിന്നാണിവര്‍ നാട്ടിലെ കാരുണ്യവഴികളിലേക്ക് നടന്നു തുടങ്ങിയത്.
ഏഴാച്ചേരിയിലെ നന്മ മനസ് തങ്ങളെ പിന്തുണയ്ക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നൂ ഈ കൂട്ടുകാരികളുടെ കൈ മുതല്‍ . ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി വിദ്യാര്‍ഥിനിയായ കാര്‍ത്തിക ഏഴാച്ചേരി മഞ്ചേപ്പള്ളില് രാജീവിന്റെയും ബിന്ദുവിന്റെയും മകളാണ്. തെക്കേ പാലറയില്‍ രാജന്-ശോഭ ദമ്പതികളുടെ മകളായ ആഷ ചെന്നൈയില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്.