മുട്ടപുഴുങ്ങിയതും ഏത്തപ്പഴവും ദോശയും എന്നുവേണ്ട വിവിധയിനം ജ്യൂസുകള്‍ വരെ; ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ മെനു കണ്ണുതള്ളിക്കുന്നത്

രാവിലെ നല്ല ചൂട് ദോശയും സാമ്പാറും മുട്ടപുഴുങ്ങിയതും, ഉച്ചയ്ക്ക് ചപ്പാത്തിയും ചോറും മീന്‍ പൊരിച്ചതും തൈരും, രാത്രിയില്‍ അപ്പവും വെജിറ്റബിള്‍ സ്റ്റ്യൂവും ഏത്തപ്പഴവും. പിന്നെ വിവിധയിനം ജ്യൂസുകള്‍ ബ്രെഡ്, ചായ,ബിസ്‌ക്കറ്റ്. എന്താണ് കഥയെന്നു ചോദിച്ചാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവാണിത്.

രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങളും മെനുവിലുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കിലും ഭക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല.

ഐസൊലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യത്തെ കണക്കിലെടുത്ത് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്.

വിദേശത്തു നിന്നെത്തിയിട്ടുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന മെനു അല്‍പ്പം വ്യത്യസ്ഥമാണ്. ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലറ്റും സൂപ്പുമൊക്കെയായി പോകുന്നു അത്. കുട്ടികള്‍ക്കാണെങ്കില്‍ പാലും ലഘു ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവ സൂക്ഷിക്കാനായി വാര്‍ഡില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ഇന്ത്യക്കാരായി ഉള്ളവര്‍ക്കുള്ള ഭക്ഷണക്രമം ഇങ്ങനെ…രാവിലെ 7.30ന് ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം. രാവിലെ 10.30ന് പഴച്ചാറ്, ഉച്ചയ്ക്ക് 12.00ന് ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍് വെള്ളം. വൈകുന്നേരം 3.30ന് ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട. രാത്രി ഏഴിന് അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം

വിദേശത്തു നിന്നുള്ളവരുടെ മെനുവില്‍ രാവിലെ 7.30ന് ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്പ് എന്നിവയാണുള്ളത്. 11.00ന് പഴച്ചാറ്, 12.00ന് ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍. വൈകീട്ട് 4.00ന് പഴച്ചാറ്, രാത്രി ഏഴിന് ടോസ്റ്റ് ചെയ്ത ബ്രെഡ്,മുട്ട, പഴങ്ങള്‍ എന്നിങ്ങനെ പോകുന്നു മെനു.

Related posts

Leave a Comment