വയറ്റിലെന്താ കോഴിയും കുഞ്ഞും ഉണ്ടോ? വയറു നിറച്ച് ഭക്ഷണം കഴിച്ച് മിനിറ്റുകൾക്കുള്ളിൽ വിശക്കുന്നു എന്നു പറയുന്നവരോട് പൊതുവെ ചോദിക്കാറുള്ള ഒരു കാര്യമാണിത്. ഏതു സമയവും വിശക്കുന്ന അനുഭവമുണ്ടാകുക എന്നത് മനുഷ്യരിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണത്രെ. ഇതിനുള്ള കാരണങ്ങൾ നിരവധിയാണ്.
എത്രമാത്രം ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിൽ കൊഴുപ്പ്, ഫൈബർ,പ്രോട്ടീൻ അല്ലെങ്കിൽ കലോറി ഇവയിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ അല്പ സമയത്തിനുള്ളിൽത്തന്നെ വീണ്ടും വിശപ്പ് അനുഭവപ്പെടാം. ഒരാൾ ചെയ്യുന്ന ജോലിക്ക് ആനുപാതികമായി വേണം ഭക്ഷണം കഴിക്കാൻ.
ഭക്ഷണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. ജോലിക്ക് ആനുപാതികമല്ല ഭക്ഷണമെങ്കിൽ വിശപ്പ് മുഴുവനായി മാറില്ല. മാനസിക പിടിമുറുക്കങ്ങളുള്ള അവസരത്തിൽ എപ്പോഴും വിശപ്പ് അനുഭവപ്പെടുമത്രെ. ഇത്തരം സന്ദർഭത്തിൽ എത്ര ഭക്ഷണം കഴിച്ചാലും വയറ്റിനുള്ളിൽ ഇനിയും സ്ഥലമുള്ളതുപോലെ തോന്നും.
വിശപ്പുമാറ്റായി ആളുകൾ ജ്യൂസും ഷേക്കുമൊക്കെ കുടിക്കാറുണ്ട്. പക്ഷെ ഇതുകൊണ്ട് വലിയ കാര്യമില്ല. ദ്രവ്യരൂപത്തിലുള്ള ഭക്ഷണം വിശപ്പിന് താത്കാലക ആശ്വാസം നൽകുമെങ്കിലും വിശപ്പ് വേഗം തിരിച്ചുവരും. വിശപ്പ് അനുഭവം മാറണമെങ്കിൽ ഖര രൂപത്തിലുള്ള ഭക്ഷണംതന്നെ വേണമെന്ന് ചുരുക്കം.