കൊച്ചി: നെട്ടൂരിലെ ഗോഡൗണിൽനിന്നു കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കൂടുതൽപേർ പോലീസ് നിരീക്ഷണത്തിൽ. സ്ഥാപന ഉടമ ഉൾപ്പെടെ അറിഞ്ഞുകൊണ്ടു നടത്തിയ തിരിമറിയിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണു കണ്ടെത്തിയിട്ടുള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും അധികൃതർ പറഞ്ഞു.
പ്രതികളെ സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചുവെങ്കിലും ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നു പോലീസ് പറഞ്ഞു. പിടിയിലായ സ്ഥാപന ഉടമ കർണാടക സ്വദേശി ശിവസുബ്രഹ്മണ്യനെ ചോദ്യം ചെയ്തതിൽനിന്നുമാണു മറ്റ് പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.
ചെന്നൈയിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നു ചൊവ്വാഴ്ചയാണു പനങ്ങാട് പോലിസ് ശിവസുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ നാളുകൾ നീണ്ട നിരീക്ഷണങ്ങൾക്കുശേഷമാണു പോലീസ് പിടികൂടിയത്. ഇന്നലെ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസിന്റെ ഓഫീസിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
കൂട്ടുപ്രതികൾക്കായി അന്വേഷണം നടത്തിവരികയാണെന്നും കേസ് അന്വേഷണത്തിനിടെ ആവശ്യമെങ്കിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏഴിനാണു നെട്ടൂരിലെ ഗോഡൗണിൽനിന്നു കാലാവധി കഴിഞ്ഞ ഭഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തത്. കുട്ടികൾ കഴിക്കുന്ന ചോക്ലേറ്റുകൾ, മിൽക്ക് പൗഡറുകൾ ഉൾപ്പെടെ നൂറിലേറെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ റീ പാക്ക് ചെയ്തു വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു.
നെട്ടൂർ പിഡബ്ല്യൂഡി റോഡിൽ സഹകരണ ബാങ്കിന് സമീപം കാർവർ എന്ന പേരിലാണ് ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. ആറു വർഷമായി തമിഴ്നാട് സ്വദേശികൾ വാടകയ്ക്ക് എടുത്തു ഗോഡൗണായി ഉപയോഗിച്ചു വരികയായിരുന്നു. പല കന്പനികളുടേയും ഉത്പന്നങ്ങളായ ചോക്ലേറ്റ്, ആട്ട, മൈദ, മിൽക്കോസ്, വിവിധയിനം ഓയിലുകൾ, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്നും വിതരണം നടത്തിയിരുന്നത്.
ഇതിനിടയിൽ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ തിരിച്ചു ഗോഡൗണിലെത്തിച്ച് വീണ്ടും പുതിയ പാക്കറ്റിൽ നിറച്ചു വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ നടപടി. ആലുവയിൽനിന്നും ഫുഡ് സേഫ്റ്റി ഓഫീസർ വി. ഷണ്മുഖന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഗോഡൗണ്‍ പരിശോധിച്ചു മഹസ്സർ തയ്യാറാക്കി പനങ്ങാട് പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഗോഡൗണ്‍ പൂട്ടി സീൽ വയ്ക്കുകയായിരുന്നു.