തിരുവനന്തപുരം: ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാഴ്സൽ ഭക്ഷണകവറിനു പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം പുറപ്പെടുവിച്ചു.
ലേബലിൽ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളിൽനിന്നു വിൽപ്പന നടത്തുന്ന പാകംചെയ്ത പാർസൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയമം കർശനമായി നടപ്പിലാക്കാൻ കമ്മീഷണർ ജാഫർ മാലിക് നിർദേശം നൽകിയത്.
പാർസൽ ഭക്ഷണം ഉപയോഗിക്കേണ്ട സയമപരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യ വിഷബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം, പാകംചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. നിലവിൽ പായ്ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്.
കടകളിൽനിന്നു പാഴ്സലായി വിൽപ്പന നടത്തുന്ന ഊണ്, സ്നാക്സ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റുകളിലും ലേബൽ പതിക്കണം.
ലേബൽ പതിക്കാതെ പാഴ്സൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.