മാവേലിക്കര: ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരി സൂരപാലം ആദിത്യ എൻജിനീയറിംഗ് കോളേജിൽ 54 മലയാളി വിദ്യാർഥികൾ ടൈഫോയ്ഡും മഞ്ഞപ്പിത്തവും മൂലം ദുരിതത്തിൽ. ഫോറൻസിക് സയൻസ് ഡിഗ്രി കോഴ്സിനു പഠിക്കുന്ന രണ്ടും മൂന്നും വർഷ വിദ്യാർഥികളാണു ദുരിതത്തിലായിരിക്കുന്നത്. തലകറക്കം, പനി ലക്ഷണങ്ങളെ തുടർന്നു പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലബോറട്ടറി പരിശോധനയിൽ പലർക്കും മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറൽ പനി എന്നിവയാണെന്നു കണ്ടെത്തി.
കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നും ഹോസ്റ്റലിലെ ഭക്ഷണം, വെള്ളം എന്നിവയുടെ പ്രശ്നമാണു രോഗത്തിനു ഇടയാക്കിയതെന്നും മലയാളി വിദ്യാർഥികൾ പരാതി പറയുന്നു. വിദ്യാർഥികൾ നാട്ടിൽ പോകുന്നതിനു അവധി ചോദിച്ചെങ്കിലും ആദ്യം നൽകിയില്ല.ഹോസ്റ്റലിലെ വെള്ളത്തിനു കുഴപ്പമില്ലെന്ന പരിശോധന റിപ്പോർട്ട് കാണിച്ച ശേഷം മാനസികമായ തോന്നലാണ് പ്രശ്നത്തിനു കാരണമെന്ന ന്യായമാണ് കോളജ് അധികൃതർ വിദ്യാർഥികളോടു പറഞ്ഞത്.
കൂടുതൽ കുട്ടികൾ രോഗബാധിതരായതോടെ മലയാളി വിദ്യാർഥികൾ സംഘടിച്ചു പ്രിൻസിപ്പലിനു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കോളജിലെ രണ്ട്, മൂന്ന് വർഷ വിദ്യാർഥികൾക്ക് ഓഗസ്റ്റ് 18 വരെ അവധി നൽകി. ഒന്നാം വർഷത്തെ പലർക്കും രോഗമുണ്ടെങ്കിലും അവർക്ക് അവധി നൽകിയില്ല.
വൈറൽ പനി മൂലം ക്ഷീണിതരായ പലരും നാട്ടിലേക്കു എത്താനുള്ള അവസ്ഥയിലല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അവധി ലഭിച്ചവർ 19നു തിരികെ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്നു പറഞ്ഞതായും വിദ്യാർഥികൾ പറയുന്നു.