തൃശൂർ: പെരിഞ്ഞനത്ത് കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഇവരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്.
പെരിഞ്ഞനത്തെ ഹോട്ടലിൽനിന്ന് 178 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് വിവിധ ശാരീരിക അസ്വസ്ഥതകളുമായി ഇവർ ചികിത്സയിലായിരുന്നു.
പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്ന് ശനിയാഴ്ച കുഴിമന്തി, അൽഫാം തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതലും പാഴ്സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.
ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു.