കൊച്ചി; എറണാകുളം ആർടിഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതിന് പിന്നാലെ ഇവർ ഭക്ഷണം കഴിച്ച ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിൽ തൃക്കാക്കര ആര്യാസ് ഹോട്ടലാണ് നഗരസഭ പൂട്ടിച്ചത്.
ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ, മകൻ അശ്വിൻ എന്നിവരാണ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയിരിക്കുന്നത്.
കാക്കനാട് ടി വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലിൽ നിന്നാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച അനന്തകൃഷ്ണനും മകനും ഭക്ഷണം കഴിച്ചത്. മസാലദോശയാണ് ഇവർ കഴിച്ചത്. മസാലദോശ കഴിച്ചതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു.
നിർത്താതെയുള്ള ഛർദിയും വയറിളക്കവും മൂലമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ ആർടിഒയെ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്നു. പ്രാഥമിക ചികിത്സ നൽകി മകനെ വിട്ടയയ്ക്കുകയും ചെയ്തു.