കായംകുളം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പത്തിയൂർ മാവിലേത്ത് ഗവ. എൽപി സ്കൂളിലെ അറുപതോളം കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതകുമാരി രാഷ്ട്രദീപികയോട് പറഞ്ഞു. സ്കൂളിലെ ഭക്ഷ്യവസ്തുക്കളുടെയും കുട്ടികൾ കഴിച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇതിന്റെ പരിശോധനാഫലം വന്നെങ്കിലെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകൂ.
പരിശോധന ഫലം ലഭിക്കാൻ 48 മണിക്കൂർ വേണ്ടി വരുമെന്നും ഡി എം ഒ പറഞ്ഞു. കായംകുളം താലൂക്കാശുപത്രിയിൽ ഏഴംഗ ഡോക്ടർമാരുടെ സംഘമാണ് കുട്ടികളെ പരിശോധിച്ചത്. ഇരുപതിലധികം കുട്ടികൾ നിരീക്ഷണത്തിലുമാണ്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളിൽ അസ്വസ്ഥതയുണ്ടായത്. തുടർന്ന് കുട്ടികളെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ പിന്നീട് ഉച്ചകഴിഞ്ഞ് കൂടുതൽ കുട്ടികൾക്ക് ഛർദ്ദിയും അതിസാരവുമുണ്ടായതോടെ ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായ കുട്ടികളെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തരായി.
സംഭവമറിഞ്ഞ് ജില്ലാ കളക്ടർ ആദില അബ്ദുള്ള, ജില്ലാ പോലീസ് മേധാവി കെ.എം. ടോമി ഡിഎംഒ ഡോ. അനിതാകുമാരി എഡിഎം ഡോ. അബ്ദുൽ സലാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ.കുമാർ, ഫുഡ് സേഫ്റ്റി ഉദ്യോസ്ഥരായ എ.ഇ.അനസ്, അരുണ്കുമാർ തുടങ്ങിയവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാധികൃതരുംജനപ്രതിനിധികളും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം കുട്ടികൾക്ക് സ്കൂളിൽ മുട്ടനൽകിയിരുന്നു.
വ്യാഴാഴ്ച ഉച്ചഭക്ഷണത്തോടൊപ്പം പായസം നൽകിയിരുന്നെങ്കിലും ഇതു കഴിക്കാത്ത കുട്ടികളിലും രോഗമുണ്ടായി. എന്നാൽ ഇതുമൂലമാണ് ഭക്ഷ്യ വിഷ ബാധയെന്ന് പറയാറായിട്ടില്ലന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത് .
സ്കൂളിൽ നിന്നും അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സാന്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഇതും പരിശോധനയ്ക്ക് വിധേയമാക്കും.
താലൂക്കാശുപത്രിയിൽ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ ചികിത്സാർത്ഥം മൂന്ന് പ്രത്യേക ബ്ലോക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.മനോജ് പറഞ്ഞു. എല്ലാ സ്കൂളുകളിലും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ എടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട് . ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും നിയോഗിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.