മൈസൂർ: കർണാടകയിലെ മാരിയമ്മൻ കോവിലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആളുകൾ മരിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ക്ഷേത്ര ഭരണസമിതിയംഗവും ക്ഷേത്രം മാനേജരുമാണ് അറസ്റ്റിലായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
അന്വേഷണം ഉൗർജിതമാക്കിയ പോലീസ് പ്രസാദം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി. അവശരായ 80പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവർ ചികിത്സയിലുള്ളത്. മൈസൂർ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.
മാരിയമ്മൻ ക്ഷേത്രത്തിൽ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ ഭാഗമായുള്ള കർമ്മങ്ങൾക്കൊടുവിലാണ് ഭക്തർക്ക് തക്കാളിച്ചോറും അവലും പ്രസാദമായി നൽകിയത്. മുൻപന്തിയിലുണ്ടായിരുന്ന എണ്പതോളംപേർ പ്രസാദം കഴിച്ചെങ്കിലും പിന്നിലുണ്ടായിരുന്നവർ മണ്ണെണ്ണയുടെ ദുർഗന്ധംമൂലം ഉപേക്ഷിച്ചു.
പിന്നീട് പ്രസാദം കഴിച്ച് ഭക്തർക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് ഭക്തരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു സ്ത്രീയും കുട്ടിയും വഴിമധ്യേ തന്നെ മരണപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.