കാട്ടൂർ(ഇരിങ്ങാലക്കുട): വിനോദയാത്രയ്ക്കുപോയ സംഘത്തിലെ പതിമൂന്നു വയസുകാരന് ചികിത്സയിലിരിക്കെ മരിച്ചു. രണ്ടു കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യവിഷബാധയെന്ന് സംശയം.
വാഗമണിലേക്ക് വിനോദയാത്ര പോയ ഇരിങ്ങാലക്കുട കാട്ടൂര്‍ നെടുമ്പുര സ്വദേശി കൊട്ടാരത്ത് അനസിന്റെ മകന് ഹമദാനാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്.
ഹമദാന്റെ സഹോദരി ഹന (17), പിതൃസഹോദര മകന് നിജാദ് അഹമദ് (10) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അനസും കുടുംബവും ചൊവ്വാഴ്ച വാഗമണിലേക്ക് വിനോദയാത്ര പോയിരുന്നു. അവിടെ നിന്ന് മൂന്ന് കുട്ടികളും ബിരിയാണി കഴിച്ചതായി ഇവര്‍ പറഞ്ഞു.
മൂന്നാംതിയതി തിരിച്ചെത്തി അധികം വൈകാതെ ഹമദാന്‍ ഛര്‍ദ്ദിയും മറ്റു അസ്വസ്ഥതകളും തുടങ്ങി.ഉടന്‍ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്സിലെത്തിക്കുമ്പോഴേക്കും കുട്ടി തളര്‍ന്ന് അവശനായിക്കഴിഞ്ഞിരുന്നു.
ആശുപത്രിയിലെത്തുമ്പോള്‍ പള്‍സ് വളരെ കുറവായിരുന്നതിനാല്‍ നേരെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭക്ഷ്യവിഷബാധയാണ് ഹമദാന്റെ മരണകാരണമെന്നാണ് ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ചികിത്സയിലുള്ള ഹമദാന്റെ സഹോദരിക്കും, നിജാദിനും ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു.
ഹമദാന്റെ പിതാവ് അനസ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കുവന്നപ്പോഴാണ് ഇവര്‍ വിനോദയാത്രക്ക് പോയത്. ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഹമദാന്‍. മാതാവ്: സീനത്ത്.