കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേല്‍മുറി പാലത്തിങ്കല്‍ ഭാഗത്ത് പിലാത്തോട്ടത്തില്‍ മുഹമ്മദ് സിറാജുദ്ദീ(20) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂര്‍ പാലത്തറ വിനോദ് കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമായ രശ്മി രാജ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയില്‍ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീന് ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തതിനൊടുവില്‍ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്നിന്നു പിടികൂടുകയായിരുന്നു.
എസ്എച്ച്ഒ കെ. ഷിജി, കോട്ടയം വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത്, ഗാന്ധിനഗര്‍ എസ്ഐമാരായ വി. വിദ്യ, എം.സി. പവനന്, സിപിഒമാരായ വി.കെ. അനീഷ്, പി.വി. പ്രവീൺ, സുബീഷ്, രാകേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.