കോട്ടയം: പരിശോധനകൾ നിലച്ചതോടെ ഹോട്ടലുകളും റസ്റ്ററന്റുകളും വീണ്ടും പഴയപടി. കഴിഞ്ഞ ദിവസം സംക്രാന്തിയിലുള്ള റസ്റ്ററന്റിൽനിന്നു കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നഴ്സ് ഇന്നലെ മരിച്ചു.
ഇരുപതോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തനാളിൽ പല ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബാർബി ക്യൂ, അൽഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്.
ഇവയ്ക്കൊപ്പം കഴിക്കുന്ന മയോണൈസും വില്ലനാണ്. പലയിടത്തും കോഴി ഫാമുകളിൽനിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപക ആരോപണം.
ചത്ത കോഴിക്ക് വില പകുതി നൽകിയാൽ മതി. ബാർബി ക്യൂവിനും ആൽഫാമിനും കുഴിമന്തിക്കും ഇങ്ങനെ ഇറച്ചികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
മസാലയും മറ്റു ചേരുവകളും ചേർക്കുന്പോൾ ആളുകൾക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാൽ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.
ക്രിസ്മസും അവധിക്കാലവും ആയതിനാൽ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു. വൈകുന്നേരങ്ങളിൽ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അൽഫാമുമാണ്.
ഇതിനാണ് ആവശ്യക്കാരേറെയുള്ളത്. കോഴിയുടെ വില ക്രമാതീതമായി ഉയർന്നതോടെയാണ് അമിതലാഭത്തിനായി ചത്ത കോഴിയെ ഫാമുകളിൽനിന്നു വാങ്ങാൻ തുടങ്ങിയത്.
ചത്ത കോഴിയെ ഉപയോഗിക്കുന്നതിനു പുറമേ കോഴിയിറച്ചി നല്ല രീതിയിൽ വേവിക്കുന്നില്ലെന്നും പരാതിയുണ്ട്. പലയിടത്തും തുറസായ സ്ഥലത്തും വൃത്തിഹീനമായ സ്ഥലത്തുമാണ് ഇതുണ്ടാക്കുന്നത്.
പാചകം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷാനിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടെയും അൽഫാമിന്റെയും പാചകക്കാർ. ഇവിടങ്ങളിൽനിന്നു ലഭിക്കുന്ന മയോണൈസിനെതിരെയും പരാതി വ്യാപകമാണ്.
ഷവർമ കഴിച്ച് കാസർകോഡ് ചെറുവത്തുരൂൽ വിദ്യാർഥി മരിച്ച സംഭവമുണ്ടായതിനെത്തുടർന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യാപകമായ പരിശോധനയും മറ്റും നടത്തിയിരുന്നു.
എന്നാൽ ഒരാഴ്ച കഴിഞ്ഞതോടെ ഇത് അവസാനിക്കുകയും എല്ലാം പഴയ പടിയാകുകയും ചെയ്തു. തുറസായ സ്ഥലത്താണ് മിക്കയിടത്തും പാചകം.
ഇത് തടയുവാൻ അധികൃതർക്ക് കഴിയുന്നില്ല. പരിശോധന കർശനമാക്കി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.