ഗാന്ധിനഗര്: കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്നിന്ന് അല്ഫാം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല് കോളജിലെ നഴ്സിന്റെ ആരോഗ്യനില ഗുരുതരം.
ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രി ഐസിയുവില് പ്രവേശിപ്പിച്ചു. ഇവരെ വെന്റിലേറ്ററില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുപതിലധികം ആളുകള്ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില് ഹോട്ടലിന്റെ ലൈസന്സ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടയിലാണ് കോട്ടയം സംക്രാന്തിയില് പ്രവര്ത്തിക്കുന്ന മലപ്പുറം കുഴിമന്തിയില് നിന്നും ഭക്ഷണം കഴിച്ചവര്ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
കോട്ടയം മെഡിക്കല് കോളജിലും കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും ഛര്ദിയും അടക്കമുള്ള അസുഖങ്ങള് പിടിപെട്ടാണ് ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
തുടര്ന്ന് ആശുപത്രി അധികൃതര് വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില് പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു.നഴ്സ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.