തൊടുപുഴ: സാന്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾ നട്ടം തിരിയുന്നതിനിടെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതമായി വില വർധിപ്പിച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയായി. ഹോട്ടലുകളിൽ ഒരേ ഗുണനിലവാരമുള്ള ഭക്ഷണത്തിനു പല വിലയാണ് ഈടാക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വില ഏകീകരിക്കാനോ നിയന്ത്രിക്കാനോ അധികൃതർ തയാറാകുന്നില്ല. ഒരുമാസം മുന്പ് എട്ടു രൂപക്ക് നൽകിയിരുന്ന ചായ 10 രൂപയിലത്തെി.
ഒരു പായ്ക്കറ്റ് പാലിന് രണ്ടു രൂപ കൂടിയപ്പോൾ ഒരു ചായയ്ക്ക് രണ്ടു രൂപയാണ് ചില ഹോട്ടലുകൾ കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാണ് വില കൂട്ടാൻ കാരണമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ചായപ്പൊടിയുടെയും ഹോട്ടൽ നിലവാരത്തിന്റെയും പേരിൽ 12 രൂപവരെ ഈടാക്കുന്നവരുണ്ട്. ഉഴുന്നുവടക്ക് 12 രൂപവരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. ഉൗണിന് 50 രൂപ മുതൽ മുകളിലേക്കാണ് വില.
ഒരു കിലോ അരിക്ക് ശരാശരി അഞ്ചു രൂപയുടെ വർധനയുണ്ടായപ്പോൾ ഒരു ഉൗണിന് പല ഹോട്ടലുകളും അഞ്ചു രൂപാ മുതൽ പത്തു രൂപാ വരെ ഉയർത്തിയിട്ടുണ്ട്. നെയ്യ്റോസ്റ്റിന്റെ വിലയും താങ്ങാനാവുന്നില്ല. ഒരു ചപ്പാത്തിക്ക് എട്ട് മുതൽ 10 രൂപയാണ്. ചപ്പാത്തിയും പൊറോട്ടയും വാങ്ങിയാൽ കറിക്ക് വില വേറെ നൽകണം. ഇതിനു 40 രൂപ മുതൽ മുകളിലേക്കാണ്. കാപ്പിയുടെ വില തുടങ്ങുന്നത് 12 രൂപയിലാണ്. ഹോട്ടൽ സംഘടനകളുടെ ഭാരവാഹികൾ മുൻകൈ എടുത്ത് വില ഏകീകരിക്കണമെന്ന് നിർദേശം ഉയർന്നെങ്കിലും നടപ്പായില്ല.
ഭക്ഷണവില ഏകീകരിക്കുമെന്നും നിയന്ത്രിക്കുമെന്നും സർക്കാർ ഇടക്കിടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപടിയില്ല. ജില്ലാ ഭരണകൂടവും നിസംഗത പാലിക്കുകയാണ്. തങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന രീതിയിലാണ് ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തെ സമീപിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു. വില കൂട്ടാൻ കാരണമായി ഹോട്ടൽ ഉടമകൾ പാചക വാതകത്തിന്റെ വിലയാണ് ചൂണ്ടിക്കാട്ടുന്നത്. ഗാർഹികാവശ്യത്തിനു സർക്കാർ സബ്സിഡിയോടെ നൽകുന്ന പാചക വാതകമാണ് ചില ഹോട്ടലുകളിൽ ഉപയോഗിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭക്ഷണ പദാർഥങ്ങൾക്ക് തീവിലയാണ് ഈടാക്കുന്നതെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഇവിടങ്ങളിൽ ഭക്ഷണം കഴിച്ചിട്ട് സഞ്ചാരികളുമായി തർക്കം പതിവാണ്. ഒരു ഉൽപന്നത്തിന് 10 മുതൽ 15 രൂപയുടെ വ്യത്യാസമുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ, ബേക്കറികൾ എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ച് വില ഏകീകരണമെന്ന ആവശ്യവും നടപ്പായിട്ടില്ല. പല ഹോട്ടലുകളിലും വിലവിവര പട്ടിക പ്രദർശിപ്പിക്കാറില്ലെന്നും പരാതിയുണ്ട്.