കോട്ടയം: നഗരത്തിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലുകൾ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. ചായയ്ക്കു 15 രൂപയും കാപ്പിക്കു 20 രൂപയും മസാല ദോശ യ്ക്കു 60 രൂപയുമാണ് ഇവർ ഈടാക്കുന്നത്. നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഒരു തവണ കയറിയാൽ മതി കുടുംബ ബഡ്ജറ്റ് മുഴുവൻ തകരാറിലാവും. യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വില കൂട്ടുകയാണ് നഗരത്തിലെ ഇത്തരം ഹോട്ടലുകൾ. മറ്റ് ഹോട്ടലുകൾ ചായയ്ക്കും കാപ്പിക്കുമൊക്കെ 10 രൂപാ മുതൽ 12 രൂപവരെ ഈടാക്കുന്പോഴാണ് വെജിറ്റേറിയൻ ഹോട്ടലുകൾ 15ഉം 20ഉം രൂപാ വരെ വാങ്ങുന്നത്.
അടുത്തിടെ കാപ്പിക്ക് 15 രൂപയായിരുന്നെങ്കിലും ഒരു മുന്നിയിപ്പുമില്ലാതെയാണ് 20 രൂപയാക്കിയത്. പച്ചക്കറി വിലയുടെ പേരിലാണ് മസാല ദോശയ്ക്ക് കുത്തനെ വിലകൂട്ടിയത്. എത്ര പച്ചക്കറിയുടെ വില കൂടിയാലും മാവിൽ ഉരുളക്കിഴങ്ങും ഉള്ളിയും ചേർത്തുള്ള മസാല ചേർത്തുണ്ടാക്കുന്ന ദോശയ്ക്ക് എങ്ങനെ 65 രൂപയാകുമെന്നാണ് സാധാരണക്കാരുടെ ചോദ്യം. ഉൗണിന് 90 രൂപ മുതൽ 110രൂപ വരെയാണ് ഈടാക്കുന്നത്.
തമിഴ്നാട് ലോബിക്കെതിരെ നടപടി വേണം
കോട്ടയം: തമിഴ്നാട് ഹോട്ടൽ ലോബിയുടെ ഇടപെടലാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു. അമിത വില ഈടാക്കുന്നന്റെ ഗുണം സർക്കാരിന് ലഭിക്കുന്നില്ല. സാധാരണ ഹോട്ടലുകൾക്കുള്ള നികുതി അടച്ച് സ്റ്റാർ ഹോട്ടലുകൾക്ക് സമാന വിലയാണ് ഇത്തരം ഹോട്ടലുകൾ ഈടാക്കുന്നത്. ജില്ലയിലെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.