കോട്ടയം: പഴകിയ ഭക്ഷണം പിടികൂടുന്ന ഹോട്ടലുകളിൽ നിന്നും വൻതുക പിഴ ഈടാക്കുന്നതിനു പുറമേ കേസും രജിസ്റ്റർ ചെയ്യുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം. ഇന്നലെ കോട്ടയം നഗരത്തിലെ വൻകിട ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽനിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു.
പരിശോധനയിൽ പടിഞ്ഞാറെ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിനും പണികിട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തിയ സാഹചചര്യത്തിൽ ഇവർക്കു നോട്ടീസ് നല്കി. വേന്പനാട് റിസോർട്ട്, വിൻഡ്സർ കാസിൽ, ന്യൂ ഭാരത്, ഏദൻ ടീ ഷോപ്പ് എന്നി ഹോട്ടലുകളിൽ നിന്നായി പഴകിയ ചോറ്, ബീഫ്, കൂട്ട് അച്ചാർ, നൂഡിൽസ്, എണ്ണ, മോര്, വിവിധ ഭക്ഷണങ്ങൾക്ക് ചേരുവയായി ചേർക്കുന്ന പേസ്റ്റ്, മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
നഗരത്തിൽ മൂന്നു സോണുകളിലായാണു പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കോടിമതയിലും ജേക്കബ്സണിന്റെ നേതൃത്വത്തിൽ മാർക്കറ്റ് പ്രദേശത്തും സൈനുദീന്റെ നേതൃത്വത്തിൽ ടൗണിലെ ഹോട്ടലുകളിലുമാണു പരിശോധന നടത്തിയത്.
അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാർക്കൊപ്പം ആറ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും റെയ്ഡിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ ഈ ഹോട്ടലുകളിൽ വീണ്ടും പരിശോധന നടത്തി പരിസരശുചിത്വം ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു. ്