കോട്ടയം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന പ്രഹസനമാകുന്നു. പേരിനു പരിശോധന നടത്തി പിഴ ഈടാക്കുന്ന നടപടികള്‍ തുടരുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പരിശോധനയില്ലെന്നു പരാതിയുയരുന്നു.
ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ മാത്രമാണു പരിശോധന നടത്തുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കേസുകള്‍ കൂടുകയും പിഴത്തുക വര്‍ധിക്കുന്നുണ്ടെങ്കിലും സ്ഥിരമായി പരിശോധന നടത്തുന്നില്ലെന്ന് ആരോപണം ശക്തമാണ്.
സംക്രാന്തി പാരീസ് മലബാര്‍ കുഴിമന്തിയില്‍ ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരണപ്പെട്ടപ്പോള്‍ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം വാഗമണില്‍ ഉല്ലാസയാത്രയ്ക്കു പോയ തൃശൂര്‍ സ്വദേശി അനസിന്റെ മകന് ഹമദാന്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ഇതു ഭക്ഷ്യവിഷബാധയാണെന്നു കുടുംബം ആരോപിച്ചിരുന്നു.
ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ടു പേര്‍ക്കും ഭക്ഷ്യവിധയേറ്റിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പു നടത്തിയ പരിശോധനയില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ.
ഹോട്ടല്‍ ഭക്ഷണം കഴിച്ചുണ്ടായ മരണത്തെത്തുടര്‍ന്നു പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷമാണ് ഏറ്റവു കൂടുതല്‍ പിഴ ലഭിച്ചത്.
2016 മുതല്‍ 2022-23 വരെയുള്ള പരിശോധനയുടെ വിവരങ്ങളാണു പുറത്തുവന്നത്. ജില്ലയിലെ ഒമ്പതു സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പിഴയീടാക്കാനായത്.
കോവിഡ് സമയത്താണ് ഏറ്റവും കുറവു പരിശോധന നടന്നത്. ലോക്ക് ഡൗണിനുശേഷം വെജിറ്റേറിയന്‍ ഹോട്ടലുകള്‍ അടഞ്ഞുപോകുകയും അറേബ്യന്‍ ഭക്ഷണ ശാലകള്‍ കൂടുതലായി തുറക്കുകയും ചെയ്തു.
പരിശോധന കര്‍ശനമാക്കിയ നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെ മാത്രം 12,69,500 രൂപയാണു പിഴയായി ലഭിച്ചത്. ആയിരത്തിലേറെ ഹോട്ടലുകള്‍ നടപടിക്കു വിധേയമായി.
ഈ സമയത്താണ് കോഴിക്കോടും കോട്ടയം സംക്രാന്തിയിലും അറേബ്യന്‍ ഭക്ഷണം കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റു രണ്ടു പേര് മരിച്ചത്.
പരിശോധനയില്ലാതെ മീന്‍ കടകള്‍
മീന്‍ കടകളില്‍ ഇപ്പോള്‍ പേരിനുപോലും പരിശോധനയില്ല. വ്യാപക പരാതികള്‍ ഉയരുന്നുണ്ടെങ്കിലും പരിശോധന പ്രഹസനമാണ്. ദിവസങ്ങള്‍ പഴയിയതും ഉപയോഗശൂന്യമായതുമായ മത്സ്യങ്ങള്‍ വിറ്റഴിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും പരിശോധന നടക്കുന്നില്ലെന്നും പരാതി വ്യാപകമാണ്.
ഉത്സവ-പെരുന്നാള്‍ ആഘോഷ സമയങ്ങളില്‍ വിറ്റഴിക്കുന്ന മത്സ്യങ്ങള്‍ പഴകിയതാണെന്നും പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെ ഒരു മത്സ്യവില്‍പ്പന കടയില്‍ വിറ്റ മീനുകള്‍ പഴകിയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
വാങ്ങാനെത്തുന്നവര്‍ക്ക് അടുത്തുകാണാന്‍ സാധിക്കാത്ത വിധം ഉള്ളിലേക്കു മാറ്റിവച്ചാണു മോശം മീനുകള്‍ വില്‍പ്പന നടത്തുന്നതെന്നും പരാതിയുണ്ട്.