ഫ്രെസ്നൊ (കലിഫോർണിയ): തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി യുഎസിൽ ഒരാൾ മരിച്ചു. ഓഗസ്റ്റ് 13 ന് പ്രസ്നൊ ഗ്രിസിലിഡ് മൈനർ ലീഗ് ബേസ്ബോൾ ടീം സംഘടിപ്പിച്ച അമച്വർ ടാക്കൊ മത്സരത്തിൽ പങ്കെടുത്ത ഡാനാ ആൻഡ്രു (41) ആണു മരിച്ചത്.
ചക്ക്‌ചാൻസി പാർക്കിൽ മത്സരം നടക്കുന്നതിനിടയിലാണ് ടാക്കൊ തീറ്റ മത്സരം സംഘടിപ്പിച്ചത്. ഏഴു മിനിട്ടിനുള്ളിൽ ഏറ്റവും അധികം ടാക്കൊ അകത്താക്കുന്നവരാണ് വിജയിക്കുക. മത്സരം പുരോഗമിക്കുന്നതിനിടയിൽ പെട്ടെന്ന് ഡാനാ അബോധാവസ്ഥയിൽ നിലത്തു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകി ഉടനെ അടുത്തുള്ള കമ്മ്യൂണിറ്റി റീജണൽ മെഡിക്കൽ സെന്‍ററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു മത്സരം നിർത്തിവച്ചു.
ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയായിരിക്കാം മരണം സംഭവിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഓട്ടോപ്സി റിപ്പോർട്ട് വന്നതിനുശേഷമേ യഥാർഥ മരണകാരണം കണ്ടെത്താനാവൂ എന്ന് ഫ്രെസ്നൊ കൗണ്ടി ഷെറിഫ് വക്താവ് ടോണി ബോട്ടി പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി രാവിലെ മുതൽ ഡാനി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ടാക്കൊ പെട്ടെന്ന് വിഴങ്ങിയതാണ് അപകടത്തിനു കാരണമെന്നും മത്സരത്തിൽ പങ്കെടുത്ത മറ്റൊരു വ്യക്തി പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ