സാഹസികത ഇഷ്ടപ്പെടുന്നവർ വിരളമല്ല. എന്നാൽ സാഹസികതയ്ക്കൊപ്പം അൽപ്പം ഭക്ഷണം കൂടി കഴിച്ചാലോ. താത്പര്യമുള്ളവർ നോയിഡയ്ക്ക് പോരൂ. സമുദ്രനിരപ്പിൽ നിന്നും 160 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വിദ്യയാണ് നോയിഡയിൽ ആരംഭിച്ചിരിക്കുന്നത്.
ഫ്ളൈ ഡൈനിംഗ് എന്നാണ് ഇതിന്റെ പേര്. 160 അടി ഉയരത്തിൽ ക്രെയിനിന്റെ സഹായത്താൽ ഉയർത്തി വച്ചിരിക്കുന്ന വലിയ ടേബിളിന് ചുറ്റും 24 കസേരകളാണ് ഉള്ളത്. കൂടാതെ അതിഥികൾക്ക് ഭക്ഷണങ്ങൾ എടുത്തു നൽകേണ്ട പരിചാരകർക്ക് നടക്കുവാനുള്ള സ്ഥലവും ഇതിലുണ്ട്.
നിഖിൽ കുമാർ എന്നയാളാണ് ഈ ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഒരിക്കൽ ദുബായ് സന്ദർശിച്ചപ്പോഴുണ്ടായ അനുഭവത്തിൽ നിന്നുമാണ് വളരെ വ്യത്യസ്തമായ ആശയം അദ്ദേഹത്തിന്റെ മനസിൽ കടന്ന് കൂടിയത്.
രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് യാഥാർഥ്യമായതെന്ന് നിഖിൽ പറയുന്നു. സന്ദർശകരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധ്യാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായി ഗർഭിണികൾക്കും നാല് അടിയിൽ ഉയരം കുറവുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനമില്ലെന്ന് നിഖിൽ പറയുന്നു. ജർമനിയിൽ നിന്നുള്ള വിദഗ്ദരാണ് ഫ്ളൈ ഡൈനിംഗിനുള്ള പരിശീലനം ഇവർക്ക് നൽകിയത്.
ജർമനിയിൽ പരീക്ഷിച്ച് അംഗീകാരം ലഭിച്ച ഉപകരണങ്ങളാണ് ഫ്ളൈ ഡൈനിംഗിന് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലേക്ക് ഉയർത്തുന്നതിന് മുൻപ് കസേരകളും സീറ്റ് ബൽറ്റും കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും പരിശോധിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ രാത്ര 10 വരെയുള്ള സമയമാണ് ഫ്ളൈ ഡൈനിംഗ് പ്രവർത്തിക്കുന്നത്. നാൽപ്പത് മിനിട്ട് സമയമാണ് ഭക്ഷണം കഴിക്കുവാൻ ഓരോ പ്രാവശ്യവും അനുവദിക്കുന്നത്.
മറ്റ് ഭക്ഷണശാലകളിൽ നിന്നും വളരെ വ്യത്യസ്തമായ അനുഭവമാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്നാണ് സന്ദർശകരുടെ അഭിപ്രായം. കൂടാതെ ഈ അനുഭവം ലഭിച്ചിട്ടില്ലാത്തവർ ഇവിടെയെത്തുവാൻ തിരക്കു കൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.