കോട്ടയം: പണമില്ലാത്തതിനാൽ ഉച്ചയ്ക്ക് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച വിശപ്പുരഹിത കേരളം പദ്ധതി വൻ ഹിറ്റ്.
ജില്ലയിൽ കോട്ടയം നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ എതിർവശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തിൽ തുറന്ന ഭക്ഷണശാലയിൽ ജനത്തിരക്കുമൂലം ഇപ്പോൾ ഉച്ചസമയത്ത് നിന്നുതിരിയാൻ ഇടമില്ല. കഴിഞ്ഞ 27നു മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്ത കേന്ദ്രം ജനം ഏറ്റെടുത്തത് വളരെ പെട്ടെന്നാണ്.
താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ് പറഞ്ഞു.
ഉച്ചഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലാത്തവർക്കും ഭക്ഷണത്തിനായി അധികം പണം മുടക്കാനില്ലാത്തവർക്കും ധൈര്യമായി ഇവിടേക്കു വരാം. തിരക്കുള്ള സമയമാണെങ്കിൽ അൽപ്പ സമയം കാത്തുനിൽക്കണമെന്നു മാത്രം.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ടോക്കണ്‍ വിതരണം ചെയ്യുന്നത്. കുടുംബശ്രീ അംഗങ്ങളായ അഞ്ചു വനിതകളാണ് നടത്തിപ്പുകാർ. പണമില്ലാത്തവർക്ക് സൗജന്യമായി ഊണുകഴിക്കാം. പണമുള്ളവർക്ക് ഊണിന് 20 രൂപ നൽകിയാൽ മതി.
ആവശ്യത്തിനു ചോറും തോരനും ചാറുകറിയും അച്ചാറും സാന്പാറും അടങ്ങുന്നതാണ് ഊണ്. ചില ദിവസങ്ങളിൽ അവിയലുമുണ്ടാകും.
മീൻ വറുത്തതും മീൻ കറിയും കക്കയിറച്ചിയുമുൾപ്പെടെയുള്ള സ്പെഷൽ വിഭവങ്ങൾക്ക് ഓരോന്നിനും 30 രൂപ അധികമായി നൽകിയാൽ മതി. ചിക്കൻ ബിരിയാണി വെറും 70 രൂപയ്ക്ക് കിട്ടും. ഒരു ഊണിന് അഞ്ചു രൂപ സർക്കാർ സബ്സിഡി നൽകും.
സൗജന്യ ഊണിന് 25 രൂപ വീതമാണ് സബ്സിഡി. കഴിക്കാനെത്തുന്നവരിൽ ഏറെയും സാധാരണക്കാരാണ്. ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ജീവനക്കാരും ചെറുകിട കച്ചവടക്കാരും കോളജ് വിദ്യാർഥികളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
ഇപ്പോൾ ദിവസേന 250ലധികം പേർ എത്തുന്നുണ്ട്. അതിൽ പണമില്ലാത്തവരുമുണ്ട്. 12 മണിക്ക് വിതരണം ആരംഭിക്കുന്ന ഊണ് രണ്ടു മണിക്കു മുൻപ് തീരും.
കേന്ദ്രത്തിന്റെ പ്രതിദിന വരുമാനം 5000 രൂപയോളമാണ്. കുടുംബത്തിന്റെ ചെലവ് സ്വയം വഹിക്കുന്ന സ്ത്രീകൾക്ക് മുൻഗണന നൽകിയാണ് ഇവിടെ ജോലിക്ക് നിയോഗിച്ചത്.
തിരക്കേറിയതോടെ വിളന്പാനും പാത്രം കഴുകാനുമൊക്കെ കൂടുതൽ ആളുകളുടെ സഹായം വേണ്ട സാഹചര്യമാണ്.
ചൂട്ടുവേലിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. സ്പെഷൽ വിഭവങ്ങളിൽ നിന്നും ചിക്കൻ ബിരിയാണിയിൽ നിന്നുമാണ് കേന്ദ്രത്തിന് അധിക വരുമാനം ലഭിക്കുന്നത്.
ജില്ലയിൽ വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്ന അശരണരായ 50 ഓളം പേർക്ക് വിശപ്പുരഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
വാഴൂർ, കടുത്തുരുത്തി, അതിരന്പുഴ, കോട്ടയം മുനിസിപ്പാലിറ്റി സൗത്ത്, നോർത്ത് എന്നിവിടങ്ങളിലാണ് അശരണർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നത്.
കുടുംബശ്രീ സിഡിഎസുകൾക്കാണ് വിതരണച്ചുമതല. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഓരോ ഊണിനും 30 രൂപ സബ്സിഡി നൽകും.