ആഘോഷമായാലും വീട്ടിലെ ആവശ്യങ്ങളായാലും ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മളിൽ പലരും ആശ്രയിക്കുന്നത് ഓണ്‍ലൈൻ ഫുഡ് ഡെലിവറി സൈറ്റുകളെയാണ്.
വീട്ടിലിരുന്നു സ്മാർട്ട് ഫോണ്‍ വഴി ആവശ്യമുള്ളതൊക്കെയും ഓർഡർ ചെയ്യാം. പണവും ഓണ്‍ലൈനായി തന്നെ അടയ്ക്കാം.
നിമിഷ നേരത്തിനുള്ളിൽ ഭക്ഷണം വീട്ടിലെത്തും. അപ്പോൾ പിന്നെ ഓണ്‍ലൈൻ ഡെലിവറിക്കാർക്കു പ്രിയം കൂടാതെയിരിക്കുന്നതെങ്ങനെ.
ഇത്തരത്തിൽ തന്റെ പിറന്നാൾ ദിവസം ഓണ്‍ലൈൻ ഫുഡ് ഡെലിവറി ഭീമന്മാരായ ഒകാഡോയിൽനിന്നു ഭക്ഷണം വാങ്ങിയ ഒരു വീട്ടമ്മയുടെ പാഴ്സലിൽ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്നത് എന്തെന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും.
എങ്ങനെ കഴിക്കും ?
മക്കൾക്കൊപ്പം പിറന്നാൾ ഡിന്നർ കഴിക്കാനായി വീട്ടമ്മ ഓർഡർ ചെയ്തതു ചിക്കൻ വിംഗ്സും പാസ്തയും വൈനുമൊക്കെയാണ്. എന്നാൽ, ഡെലിവറി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ ഓർഡർ ചെയ്ത ഭക്ഷണത്തിനു പുറമേ മൂന്നു പൊതികൂടിയുണ്ടായിരുന്നു. ഈ മൂന്നു പൊതിയിലും മൂത്രമായിരുന്നു.
നോർത്ത് ലണ്ടണ്‍ സ്വദേശിയായ മിഷേൽ ലിയോണാർഡ് എന്ന നാൽപ്പത്തിരണ്ടുകാരിക്കാണ് ഓണ്‍ലൈൻ ഫുഡ് വാങ്ങിയപ്പോൾ ഇങ്ങനെ പണികിട്ടിയത്. ഇതോടെ തന്റെ പിറന്നാളും കൊളമായതിന്റെ വിഷമത്തിലാണ് മിഷേൽ.
മിഷേലിന്റെ ഇളയമകൻ ആൽഫിയാണ് ഭക്ഷണത്തിന്റെ പണം നൽകി ഡെലിവറി ബോയിയിൽനിന്നു പാഴ്സൽ കൈപ്പറ്റിയത്.
അറപ്പുതോന്നിയ ദിനം
ഈ സംഭവത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അത്രമാത്രം അറപ്പുളവാക്കുന്ന ദിവസമായിരുന്നു അത്. ഞാനും മകൻ ആൽഫിയും ചേർന്നാണ് ആ പൊതി തുറന്നത്.
തുറന്നപ്പോൾ കണ്ടതോ. ഇതു ചെയ്തത് ആരാണെന്ന് എനിക്കറിയില്ല. പാഴ്സൽ കൊണ്ടുവന്ന ഡ്രൈവറോ മറ്റാരെങ്കിലുമൊ ആകാം. ഇതു ചെയ്തയാൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിലോ?
പ്രത്യേകിച്ചു കോവിഡ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു നീച പ്രവർത്തി ചെയ്യാൻ ആർക്കാണ് മനസുവന്നത്? -മിഷേൽ ചോദിക്കുന്നു.
തണുപ്പൻ പ്രതികരണം
പാഴ്സലിൽ മൂത്രം കണ്ടപ്പോൾതന്നെ മിഷേൽ ഒകാഡോയുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ തണുപ്പൻ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് മിഷേൽ പറയുന്നു.
“പലപ്പോഴും ഞാൻ ഓണ്‍ലൈനായി ഭക്ഷണം വരുത്താറുണ്ട്. എന്നാൽ, ഇത്തരമൊരു അനുഭവം ഇത് ആദ്യമായാണ്.
സംഭവത്തെത്തുടർന്ന് ഒകാഡോയുമായി ബന്ധപ്പെട്ടെങ്കിലും അടുത്ത ദിവസം ഉച്ചകഴിഞ്ഞാണ് കന്പനിയിൽനിന്ന് ഒരാൾ വന്നു ഫുഡ് പായ്ക്കറ്റ് തിരികെ എടുത്തതും പണം മടക്കി നൽകിയതും. ഇത്രമാത്രം താമസം അവരുടെ ഭാഗത്തു നിന്നുണ്ടായതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
മുൻപും ഒകാഡോ വഴി ഞാൻ ഭക്ഷണം വരുത്തിയിട്ടുണ്ട്. എന്നാൽ ഇനിയൊരിക്കലും അവരിൽനിന്ന് ഭക്ഷണം വാങ്ങുകയില്ല. കാരണം നഷ്ടപ്പെട്ടത് വിശ്വാസ്യതയാണ്.’
തീർത്തും നിർഭാഗ്യകരമായ സംഭവമാണ് മിഷേലിനും കുടുംബത്തിനുമുണ്ടായത്. ഇതിൽ ഒകാഡോ ഖേദം പ്രകടിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും ഒകാഡോയുടെ വക്താവ് പറഞ്ഞു.