
കോഴിക്കോട് : കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ജയില്വിഭവങ്ങള് ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) “അള്ളു’വച്ചു.
കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയാണ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസിയ്ക്ക് കെടിഡിഎഫ്സിയ്ക്ക് കത്തയച്ചത്.
ബസ് ടെര്‍മിനലിന്റെ പരിപാലന ചുമതല കെടിഡിഎഫ്സിക്കാണ്. ഈ അധികാരമുപയോഗിച്ചാണ് ജയില്‍വകുപ്പിന് കെഎസ്ആര്‍ടിസി നല്കിയ അനുമതി പിന്‍വലിക്കാന്‍ കെടിഡിഎഫ്സി നിര്‍ദേശം നല്‍കിയത്.
സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി നടപ്പായാല്‍ അത് പ്രതികൂലമായ ബാധിക്കുന്ന ചിലരാണ് ഇതിന് പിന്നിലുള്ളതെന്നും ഇവര്‍ കെടിഡിഎഫ്സി ഉദ്യോഗസ്ഥരുമായി അടുപ്പമുള്ളവരാണെന്നും ആരോപണം ഉയരുന്നുണ്ട്.
യാത്രക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതി അട്ടിമറിയ്ക്കുന്നതിനായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്.
ഭക്ഷണം ജയില്‍വകുപ്പിന്റെ വാഹനത്തിലെത്തിച്ച് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വില്പന നടത്താനായിരുന്നു പദ്ധതി.തുച്ഛമായ വിലയ്ക്ക് ജയിൽവിഭവങ്ങൾ തൊട്ടടുത്ത് ലഭ്യമായാൽ സമീപപ്രദേശത്തെ ചിലരുടെ കച്ചവടം മുട്ടുമെന്നും ഇവർ കെടിഡിഎഫ്സി എംഡിയെ സ്വാധീനിച്ചാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെഎസ്ആർടിസി വൃത്തങ്ങൾ ആരോപിച്ചു.
അതേസമയം ലഘുഭക്ഷണ വിതരണത്തിനായി അനുവദിച്ച സ്ഥലം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വേണ്ടി മാത്രം കോര്പറേഷന് അനുവദിച്ചതാണെന്നാണ് കെടിഡിഎഫ്സിയുടെ വാദം.
14 നിലയുള്ള കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിലവില്‍ ഒരു ഷോപ്പ് പോലും പ്രവര്‍ത്തിക്കുന്നില്ല. ഏതാനും ചില സ്വകാര്യ വ്യക്തികളാണ് യാത്രക്കാര്‍ക്ക് കുപ്പിവെള്ളവും മറ്റും വിതരണം ചെയ്യുന്നത്.
അനധികൃതമായാണ് ഇത്തരം വിലപന നടത്തുന്നത്. കോഴിക്കോടെത്തുന്ന ഹ്രസ്വ-ദീര്‍ഘ ദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ ബസ്റ്റാന്‍ഡിന് പുറത്തിറങ്ങി മാവൂര്‍ റോഡിലുള്ള ഹോട്ടലിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇത് സമയനഷ്ടവും സൃഷ്ടിക്കുന്നുണ്ട്.
ബസ് ജീവനക്കാരും ഇപ്രകാരം സ്റ്റാന്‍ഡിന് പുറത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരമായാണ് ജയില്‍വകുപ്പ് കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് പുതിയ പദ്ധതി ആരംഭിക്കാനൊരുങ്ങിയത്.
കുപ്പിവെള്ളത്തിന് 10 രൂപയും മറ്റു വിഭവങ്ങള്‍ക്ക് പുറമെയുള്ളതിനേക്കാള് വളരെ വിലകുറച്ചും വിതരണം ചെയ്യാനായിരുന്നു നീക്കം. കണ്ണൂരിലും തിരുവനന്തപുരത്തുമെല്ലാം കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ പരിപാലനം കെടിഡിഎഫ്സിക്കാണ്.
ഇവിടെയൊന്നുമില്ലാത്ത വിലക്കാണ് കോഴിക്കോട് ഏര്‍പ്പെടുത്തിയത്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന കെടിഡിഎഫ്സിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കയാണ്.