റസ്റ്ററന്റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം സ്വന്തമാക്കുവാൻ ചത്ത എലിയെ ഭക്ഷണത്തിനുള്ളിൽ ഇട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലാണ് സംഭവം. ബെയ്ജിംഗിലെ പ്രസിദ്ധ റസ്റ്ററന്റായ ഹായ്ഡിലാവോയിലാണ് ഇയാൾ ഭാര്യയ്ക്കൊപ്പമെത്തിയത്.
ഓർഡർ ചെയ്ത് ഇവർക്ക് 20 മിനിറ്റിനുള്ളിൽ ഭക്ഷണം ലഭിച്ചു. തുടർന്നാണ് ഇയാൾ ഭക്ഷണത്തിനുള്ളിൽ നിന്നും എലിയെ ലഭിച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത്. സംഭവത്തിൽ മാപ്പ് പറഞ്ഞ റസ്റ്ററന്റ് അധികൃതർ വേറെ ഭക്ഷണം നൽകാമെന്നു പറഞ്ഞെങ്കിലും ഇയാൾ വഴങ്ങിയില്ല.
എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കുവാനായി റസ്റ്ററന്റ് അധികൃതർ രണ്ട് ലക്ഷം രൂപ വരെ നൽകാമെന്ന് പറഞ്ഞു. എന്നാൽ നിയമനടപടി ഒഴിവാക്കണമെങ്കിൽ തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് ഇയാൾ വാശിപിടിച്ചു.
ഇതോടെ റസ്റ്ററന്റ് അധികൃതർ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ താൻ തന്നെയാണ് ഭക്ഷണത്തിൽ എലിയെ ഇട്ടതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. റസ്റ്ററന്റ് അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് താൻ ഇപ്രകാരം ചെയ്തതെന്നും ഇയാൾ വെളിപ്പെടുത്തി.