മലപ്പുറം: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം അറസ്റ്റിൽ.
പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന് (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കൻ സംഘം കഴിച്ചിരുന്നു.
തുടര്‍ന്ന് അവസാന കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് സംഘം ആരോപിച്ചു.
പിന്നാലെ ഉടമയുടെ നമ്പറുമായി ഹോട്ടലില്‍നിന്ന് മടങ്ങിയ സംഘം ഫോണിലൂടെ പരാതി നല്കാതിരിക്കാന് നാല്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
സമൂഹമാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജപ്രചാരണം നടത്തുമെന്നും സംഘം പറഞ്ഞു. പിന്നീട് 25,000 രൂപ നല്കിയാല് പരാതി നല്‍കില്ലെന്ന് തട്ടിപ്പ് സംഘം ഹോട്ടല്‍ ഉടമയെ അറിയിച്ചു.
ഏപ്രിൽ 30ന് സമാന രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസും പ്രതികൾക്കെതിരെയുണ്ട്.
ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ല പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് നടപടി.
മലപ്പുറം ഡിവൈഎസ്പിയുടെ നിർദേശാനുസരണം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, എഎസ്ഐമാരായ സിയാദ് കോട്ട, മോഹൻദാസ്, ഗോപി മോഹൻ,
സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീർ, വിക്ടർ, സിറാജ്, ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.