കോട്ടയം: കോവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഹോട്ടലുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ ഹോട്ടലുകളിൽ ഭക്ഷണം ഇരുന്നു കഴിക്കാം. അഞ്ചു മണിക്കുശേഷം പാഴ്സൽ സർവീസ് മാത്രമേ പാടുള്ളൂ.
ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾക്കും അവർക്ക് രോഗപ്രതിരോധ പരിശീലനം നൽകുന്നതിനും ഹോട്ടൽ ഉടമകൾ നടപടി സ്വീകരിക്കും. ഹോട്ടലുകളിൽ സാമൂഹിക അകലവും കൈകൾ ശുചീകരിക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കണം.
ബേക്കറികളിൽ ആളുകളെ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതിയില്ല. ലൈസൻസ് ഇല്ലാത്ത തട്ടുകടകൾ ഉൾപ്പെടെയുള്ള താല്കാലിക ഭക്ഷണ വിൽപ്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങളിലും ഭക്ഷണ വില്പന നടത്താൻ പാടില്ല.
വീഡിയോ കോണ്ഫറൻസിലൂടെ നടന്ന യോഗത്തിൽ ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, എഡിഎം അനിൽ ഉമ്മൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറൻഡ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി എന്നിവർ പങ്കെടുത്തു.
ജില്ലയിലെ ഭക്ഷ്യോത്പന്ന വില്പന ശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്താൻ നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി കളക്ടർ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു.
ഇതനുസരിച്ച് സൂപ്പർ മാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ഹോം ഡെലിവറിയോ പാഴ്സൽ സംവിധാനമോ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണം.
വ്യാപാരികൾ സ്ഥിരം ഉപഭോക്താക്കൾക്കു ഫോണ് നന്പർ നൽകണം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കൾ വിളിച്ചറിയിക്കുന്പോൾ അവ എടുത്ത് സഞ്ചിയിലാക്കി വച്ചശേഷം വിവരം അറിയിക്കണം.
വില്പനകേന്ദ്രത്തിൽ അധികം കാത്തുനിൽക്കാതെ പണം നൽകി സാധനങ്ങളുമായി പോകുന്ന സംവിധാനം നിലവിൽ വന്നാൽ ജനങ്ങൾ തമ്മിലുള്ള സന്പർക്കം കുറയ്ക്കാനാകും. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ, പോലീസ് വകുപ്പുകളിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്തസംഘം പരിശോധന നടത്തും. വീഴ്ച വരുത്തുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യും. രോഗപ്രതിരോധ മുൻകരുതലുകൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.