കാട്ടാക്കട: വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കാട്ടാക്കട മൈലാടി പുതുവൈക്കൽ വാടകയ്ക്ക് താമസിക്കുന്ന ഗിരീഷ് – നീതു ദമ്പതികളുടെ മകൻ ആദിത്യ നാഥ് (7)ആണ് എസ്എടി ആശുപത്രിയിൽ മരിച്ചത്. 17ന് വിളപ്പിൽശാലയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയതിനുശേഷം കുട്ടിക്ക് അസ്വസ്ഥതയായിരുന്നു.
വയറിളക്കവും തുടർന്ന് ഛർദ്ദിയും വന്നതോടെ കുട്ടി അവശനായി . തുടർന്ന് മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ ചികിത്സ തേടി ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്നലെ വീണ്ടും അസ്വസ്ഥത വന്നതിനെ തുടർന്ന് വീണ്ടും മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ എത്തുകയും സ്ഥിതി മോശമാണെന്ന് കണ്ട് ഇവിടെനിന്ന് എസ്ഐടിയിലേക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
ഇവിടെ വച്ച് ഇന്നലെ രാത്രി 10 മണിയോടെ കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധമൂലമാകാമെന്ന് രക്ഷിതാക്കൾ കാട്ടാക്കട പോലീസിൽ മൊഴി നൽകിയതിനെ തുടർന്ന് കാട്ടാക്കട പോലീസ് കേസെടുത്തു. പോസ്്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ ഇത് ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കാനാവൂയെന്ന് കാട്ടാക്കട ഡിവൈഎസ്പി ഷിബു പറഞ്ഞു. ഇന്ന് പോസ്റ്റമോർട്ടം നടക്കും. കാട്ടാക്കട കുളത്തുമ്മൽ എൽപിഎസ് സ്കൂളിലെ രണ്ടാം തരം വിദ്യാർത്ഥിയാണ് ആദിത്യനാഥ്.