പഴയങ്ങാടി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസാം സ്വദേശിയായ ആറു വയസുകാരി മരിച്ചു. കുടുംബത്തിലെ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപത്ത് ഹംസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആസാം ബർപ്പിറ്റ സ്വദേശി മൊയ്തുൽ ഇസ്ലാമിന്റെ മകൾ മാസൂമ (6) യാണ് മരിച്ചത്. അമ്മ അസ്മ (25), സഹോദരങ്ങളായ ഹസീന (3), മാജിദുൽ (7) എന്നിവരാണ് ഗുരുതരാവസ്ഥയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയോടെ പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും തലകറക്കവും കാരണം അവശരായ ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുകയായിരുന്നു.
പുതിയങ്ങാടി, പഴയങ്ങാടി തീരദേശ മേഖലകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിരവധി വാടക ക്വാർട്ടേഴ്സുകൾ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒരു മുറിയിൽ തന്നെ പത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ആവശ്യത്തിന് ശുചിമുറികൾ പോലും ക്വാർട്ടേഴ്സുകളിലില്ല. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും പരിശോധന നടക്കാത്തതും കെട്ടിട ഉടമകൾക്ക് തുണയാകുന്നു.