കയ്പ്പമംഗലം: പെരിഞ്ഞനം ഭക്ഷ്യവിഷബാധ സംഭവത്തിൽ ചികിത്സ തേടിയവരുടെ എണ്ണം ഇരുനൂറു കവിഞ്ഞു. ഇതിൽ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ആറുവയസുള്ള കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും 45കാരിയായ വീട്ടമ്മ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ഐസിയുവിലാണ്.
ഇന്നലെ രാത്രി വരെയുള്ള കണക്കുപ്രകാരം പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 227 പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ദിവസം 185 പേരായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഇന്നലെ രാത്രിയായപ്പോഴേക്കും എണ്ണം ഇരുനൂറു കവിഞ്ഞു.
ശനിയാഴ്ച രാത്രി പെരിഞ്ഞനം മൂന്നുപീടികയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കും പാഴ്സലായി വാങ്ങിക്കൊണ്ടുപോയവർക്കുമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിൽ പാഴ്സലായി വാങ്ങിയ ഭക്ഷണം കഴിച്ച പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ശാരീരിക അസ്വസ്ഥകളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു.
ശനിയാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ ആദ്യം അനുഭവപ്പെട്ടത്. കൂടുതൽ പേർ ചികിത്സ തേടിയെത്തിയതോടെ വെള്ളിയാഴ്ച ഭക്ഷണം കഴിച്ചവരും കൂട്ടത്തിലുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ട്.
ഹോട്ടലിന്റെ ഉടമ ഗൾഫിലാണ്. ഉടമയുടെ പേരിലുള്ള ലൈസൻസ് പാർട്ണർക്ക് മാറ്റി നൽകാനുള്ള അപേക്ഷ ഇപ്പോൾ പഞ്ചായത്തിന്റെ പരിഗണനയിലാണ്. ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരികയാണ്. പുതിയ സാഹചര്യത്തിൽ ലൈസൻസ് നൽകുന്ന കാര്യം ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.