ഹമീദ്പുർ(യുപി): വിവാഹവീട്ടില്‍ ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് വരൻ വിവാഹത്തിൽനിന്നു പിന്മാറി മറ്റൊരു യുവതിയെ കല്യാണം കഴിച്ചു. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പുർ ഗ്രാമത്തിൽ ഡിസംബർ 22നാണ് സംഭവം അരങ്ങേറിയത്.
ഏഴു മാസം മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു. വിവാഹദിവസം വധുവിന്റെ കുടുംബം മധുരപലഹാരങ്ങൾ നൽകി വരന്റെ സംഘത്തെ വരവേറ്റു. പിന്നീട്, അത്താഴവും വിളമ്പി. അതിനിടെ വരന്റെ സംഘത്തിലൊരാൾ വധുവിന്റെ വീട്ടുകാർ റൊട്ടി വിളമ്പാൻ വൈകി എന്നാരോപിച്ചു ബഹളമുണ്ടാക്കി. ഇത് വലിയ സംഘർഷത്തിലാണു കലാശിച്ചത്.
അതോടെ വരൻ അവിടെ നിന്നിറങ്ങിപ്പോയി. അധികം വൈകാതെ അയാൾ ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. സ്ത്രീധനമായി നൽകിയ ഒന്നരലക്ഷം ഉൾപ്പെടെ ഏഴുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടമുണ്ടായെന്നും സംഘർഷമുണ്ടാക്കിയവർക്കെതിരേ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടി വധുവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.