അജിത്ത് കെ.
ജീവിച്ചത് വെറും 38വര്‍ഷം മാത്രമാണ്. എന്നാല്‍ ആ 38 വര്‍ഷക്കാലം സംഭവബഹുലമായിരുന്നു. ഫൂലന് ദേവി എന്ന ബണ്ഡിറ്റ് ക്യൂനിന് അക്കാലയളവ് ധാരാളമായിരുന്നു. ഇനിയൊരാള്‍ക്കും നടന്നുപോവാനാകാത്ത പാതയിലൂടെയായിരുന്നു ഫൂലന് ദേവി സഞ്ചരിച്ചത്. സ്ത്രീകള്‍ക്കൊരിക്കലും കൊള്ളക്കാരാവാന് കഴിയില്ലെന്നു വിശ്വസിച്ചിരുന്ന ലോകത്തെയാകെ തന്റെ ജീവിത്തതിലൂടെയാണ് ഫൂലന്‍ദേവി ഞെട്ടിച്ചത്.
യഥാര്‍ഥത്തില്‍ താഴ്ന്ന ജാതിക്കാരെ ചൂഷണം ചെയ്തിരുന്ന ഉയര്‍ന്ന ജാതിക്കാരായ ഭൂപ്രമാണിമാരായിരുന്നു ഫൂലന്‍ദേവിയെ ഇങ്ങനെയാക്കിയത്. തന്റെ പതിനൊന്നാം വയസില്‍ മുപ്പതു കഴിഞ്ഞ മനുഷ്യനെ വിവാഹം കഴിക്കേണ്ടി വന്നത് ഫൂലന്‍ദേവിയുടെ ജീവിതമാകെ തകര്‍ത്തു കളഞ്ഞു. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ ബലാല്‍സംഗം ഏറ്റുവാങ്ങേണ്ടി വന്ന ഫൂലന്റെ പിന്നീടുള്ള ജീവിതം നരകതുല്യമായിരുന്നു. ഒടുവില്‍ ഒരുവിധത്തില്‍ അവിടെ നിന്നു രക്ഷപ്പെട്ട ഫൂലന്റെ ജീവിതത്തിലെ ദൈന്യതകള് അവിടം കൊണ്ടും അവസാനിച്ചില്ല. അവളെ തട്ടിക്കൊണ്ടു പോയ കൊള്ളക്കാരോട് ഇവളെ കൊന്നു കളയാമോയെന്നു ചോദിച്ച ഗ്രാമത്തലവന് ഫൂലന്‍ദേവിയുടെ മനസില്‍ വിദ്വേഷത്തിന്റെ ആദ്യ തീപ്പൊരി വിതറി. മനസാക്ഷിയുള്ള കൊള്ളക്കാര്‍ ആ പെണ്‍കുട്ടിയെ കൊന്നു കളഞ്ഞില്ല, അവള് അവരോടൊപ്പം വളരുകയായിരുന്നു.
പതിനെട്ടാം വയസില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അക്രമികള്‍ ഫൂലനെ കൂട്ട ബലാത്സസംഗത്തിനിരയാക്കി. അതിനുശേഷം വേറൊരു അക്രമിസംഘത്തിന്റെ കൈയ്യില്‍പ്പെട്ട ഫൂലനെ അവിടെയും കാത്തിരുന്നത് കൊടിയ പീഡനമായിരുന്നു. പല തവണബോധം പോലും നഷ്ടപ്പെട്ടു. ഈവിധ പീഡനങ്ങള്‍ ഫൂലന്‍ദേവിയുടെ ഹൃദയത്തെ ഉരുക്കാക്കി. ഇനി തന്റെ പാത അക്രമത്തിന്റെതാണെന്ന് ഫൂലന് തീര്‍ച്ചയാക്കി. പതുക്കെ തങ്ങളുടെ സംഘത്തിന്റെ നേതൃത്വം ഫൂലന് ഏറ്റെടുത്തു. അതോടെ ചെറിയ തോതിലുള്ള കവര്‍ച്ചയും ആരംഭിച്ചു. എന്നാല്‍ ആരും ഭയക്കുന്ന കൊള്ളക്കാരിയായി ഫൂലന് വളര്‍ന്നത് വളരെപ്പെട്ടെന്നായിരുന്നു. പിന്നെയുള്ള കാലം പ്രതികാരത്തിന്റേതായിരുന്നു. തന്നെ കൂട്ടബലാല്‍സംഗം ചെയ്ത യുവാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്കായിരുന്നു ആദ്യം പോയത്.
രണ്ടു പ്രതികളെ ഫൂലന് തിരിച്ചറിഞ്ഞു. മറ്റുള്ളവരെവിടെയെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയില്ല. എന്നാല്‍ സംഹാര ദുര്‍ഗയായ ഫൂലന് ആ ഗ്രാമമാകെ തീയിട്ടു. ബലാത്സംഗക്കാരായ 22 പേരും ആ തീയില്‍ വെന്തുമരിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ഒരു കൗമാരക്കാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെവരെ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഇത്. ഒടുവില്‍ ഫൂലന് ഗവണ്മെന്റിനു മുമ്പില്‍ കീഴടങ്ങി. തന്റെ പിതാവിന്റെ നാട്ടിലേക്കു തിരിച്ചുപോവാനനുവദിക്കുക, തന്റെ കൂടെപ്പിറപ്പിന് സര്‍ക്കാര്‍ ജോലി നല്‍കുക, തന്റെ സംഘാംഗങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനേത്തുടര്ന്നായിരുന്നു അത്. എന്നിരുന്നാലും തടവുശിക്ഷ ഒഴിവാക്കാനായില്ല. എട്ടുവര്‍ഷമാണ് ഫൂലന് തടവില്‍ കിടന്നത്. 1983ല്‍ തുടങ്ങിയ വിചാരണ നീണ്ടു നിന്നത് 11 വര്‍ഷമാണ്. ഒടുവില്‍ ഫൂലനെതിരായ എല്ലാകേസുകളും തള്ളിയപ്പോള്‍ ബണ്ഡിറ്റ് ക്യൂന്‍ 1994ല്‍ മോചിതയായി. അടുത്ത വര്‍ഷം ഉമേദ് സിംഗ് എന്നയാളെ വിവാഹം കഴിച്ചു.
ജയില്‍ മോചനത്തിനു രണ്ടുവര്‍ഷത്തിനു ശേഷം 1996ല്‍ ഫൂലന് ദേവി പതിനൊന്നാം ലോക്സഭയില്‍ അംഗമായി. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച ഫൂലന് മിര്‍സാപൂരില്‍ നിന്നുമാണ് ലോകസഭയില്‍ എത്തിയത്. എതിരാളികള്‍ പുറത്ത് കാത്തിരിക്കുന്നതിനാല്‍ അതീവ സുരക്ഷയിലായിരുന്നു ഫൂലന്‍ദേവി എപ്പോഴും സഞ്ചരിച്ചിരുന്നത്. ബോഡിഗാര്‍ഡുകളില്‍ പോലും അവര്‍ക്ക് ശത്രുക്കളുണ്ടായിരുന്നു. താന്‍ ധരിച്ചിരുന്ന സുരക്ഷാ കവചത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് ആകെ വിശ്വാസമുണ്ടായിരുന്നത്. അവരുടെ സംശയം തെറ്റിയില്ല. 2001 ജൂലൈ 25ന് മുഖമൂടി ധരിച്ച മൂന്ന് തോക്കുധാരികള്‍ ഡല്‍ഹിയിലെ വസതിയില്‍ വച്ച് ഫൂലന്ദേവിയ്ക്കു നേരെ വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിയിക്കുമ്പോഴേക്കും ആ സാഹസിക ജീവിതം അവസാനിച്ചിരുന്നു. അക്രമികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഫൂലന് ദേവിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുള്ളതായി സംശയിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ അയാളെ കുറ്റവിമുക്തനാക്കി. ഫൂലന്‍ദേവിയുടെ ജീവിതം ആസ്പദമാക്കി 1994ല്‍ പുറത്തിറങ്ങിയ ബണ്ഡിറ്റ് ക്യൂന്‍ എന്ന സിനിമ ലോകശ്രദ്ധ നേടി. സീമാ ബിശ്വാസായിരുന്നു ചിത്രത്തില്‍ ഫൂലന് ദേവിയായത്. സിനിമയെപ്പോലും വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ത്ത ഫൂലന് മണ്മറഞ്ഞിട്ട് ഒന്നര ദശാബ്ദം കഴിഞ്ഞെങ്കിലും ഫൂലന് ദേവി എന്നു കേട്ടാല്‍ ഇന്നും ആളുകള്‍ ഒന്നു ഞെട്ടും. അതായിരുന്നു ഫൂലന് ദേവി, ചരിത്രത്തിലെ ഒരേയൊരു ബണ്ഡിറ്റ് ക്യൂന്‍.