അധികമായാല്‍ അമൃതും വിഷം എന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാക്കാര്യത്തിലും അത് സത്യവുമാണ്. പ്രത്യേകിച്ച്, ഏതെങ്കിലും വ്യക്തികളോടോ പ്രസ്ഥാനത്തോടോ ഉള്ള അമിതാരാധന വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. ഫുട്ബോള്‍ ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കളിയോടും കളിക്കാരോടുമാണ് ടീമുകളോടുമാണ് പലരുടെയും ഇപ്പോഴത്തെ ആരാധന. കുറേപ്പേരുടെയെങ്കിലും കാര്യത്തില്‍ ആരാധന അതിര് വിട്ട് പോകാറുമുണ്ട്.
ഇത്തരത്തില്‍ താരാരാധന അതിരുവിട്ടുകൊണ്ടുള്ള പ്രവര്‍ത്തിയിലൂടെ ഒരു മിണ്ടാപ്രാണിയെ ദ്രോഹിക്കുന്ന വ്യക്തിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അര്‍ജന്റീനിയന്‍ താരം മെസിയുടെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ വ്യക്തി ഒരു നായ്ക്കുട്ടിയെ ബ്രസീല്‍ താരം നെയ്മറിന്റെ വേഷമണിയിച്ച്, അതിനോട് ചെയ്യുന്ന ക്രൂരതയാണ് കളിഭ്രാന്തിന്റെ പര്യായമായി സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അര്‍ജന്റീനിയന്‍ ആരാധകനായ വ്യക്തി പട്ടിയെ നെയ്മറായി കണ്ട് അതിനെ കളിക്കാനായി വെല്ലുവിളിയ്ക്കുകയും അധിക്ഷേപിക്കുകയും അവസാനം തൂക്കിയെടുത്ത് അടുത്തുള്ള വെള്ളക്കെട്ടിലേയ്ക്ക് വലിച്ചെറിയുകയുമാണ് ചെയ്യുന്നത്. വെള്ളത്തില്‍ നിന്ന് ഒരു തരത്തില്‍ കയറി വരുന്ന നായ, ദേഹത്ത് ധരിപ്പിച്ചിരിക്കുന്ന ബനിയന് കാരണം നടക്കാനാവാതെ ബുദ്ധിമുട്ടുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
നെയ്മറോടെന്ന രീതിയില്‍ നായയെ ഇയാള്‍ അസഭ്യം പറയുന്നുമുണ്ട്. മനസാക്ഷിയുള്ള ആര്‍ക്കും ഈ കാഴ്ച കണ്ടു നില്ക്കാന് പോലുമാവില്ലെന്നാണ് പലരും വീഡിയോയോട് പ്രതികരിക്കുന്നത്. ഈ ക്രൂരകൃത്യം ചെയ്ത വ്യക്തിയെയും എല്ലാവരും ശക്തമായ രീതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.