മോസ്കോ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇത്തവണ പന്തുരുളുംമുമ്പ് നാല് വമ്പൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഫുട്ബോളിലെ എക്കാലത്തേയും ഫേവറേറ്റ് ടീമുകളായ നാല് പേർക്ക് റഷ്യയിലേക്ക് ടിക്കറ്റ് ലഭിച്ചില്ല.
ഇതിൽ പ്രമുഖർ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരും 2010 ലെ രണ്ടാം സ്ഥാനക്കാരുമായ നെതർലൻഡ്സാണ്. ആര്യൻ റോബൻ നയിക്കുന്ന ഓറഞ്ചുപട പ്ലേ ഓഫ് കളിക്കാനുള്ള അവസരംപോലും ലഭിക്കാതെ പുറത്തായി. ചൊവ്വാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ സ്വീഡനെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നെതർലൻഡ്സിന് യോഗ്യത നേടാൻ സാധിക്കുമായിരുന്നു. എന്നാൽ വമ്പൻ ലക്ഷ്യത്തിനുമുമ്പിൽ നെതർലൻഡ്സുകാർ വീണു. മത്സരം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചെങ്കിലും യോഗ്യത നേടാനാവാതെ പുറത്തുപോകേണ്ടിവന്നു.
യുഎസ്എയാണ് യോഗ്യത നേടാനാവാതെപോയ മറ്റൊരു ടീം. അവസാന യോഗ്യതാ മത്സരത്തിൽ കുഞ്ഞൻമാരായ ട്രിനിഡാഡ് ആൻഡ് ടുബാഗോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെട്ടത്. 1986 ന് ശേഷം ആദ്യമായാണ് യുഎസ്എ ലോകകപ്പിന് എത്താതിരിക്കുന്നത്.
തെക്കേ അമേരിക്കൻ ശക്തികളായ ചിലിയാണ് റഷ്യയുടെ മറ്റൊരു ദുഖം. ലാറ്റിനമേരിക്ക ഗ്രൂപ്പിൽ ആറാമാതായാണ് ചിലി പിന്തള്ളപ്പെട്ടത്. കടലാസ് പുലികളായ അർജന്റീന അവസാന മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തുകയും പെറു പരഗ്വയുമായി സമനിലയിലാകുകയും ചെയ്തതോടെയാണ് ചിലിക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്. റഷ്യൻ ടിക്കറ്റ് നഷ്ടപ്പെട്ടതോടെ ചിലിയുടെ ആശാൻ യുവാൻ അന്റോണിയോ പിസിയുടെ പണി തെറിക്കുകയും ചെയ്തു.
ആഫ്രിക്കൻ കരുത്തരായ ഘാനയും ഇക്കുറി റഷ്യക്കില്ല. എന്നാൽ മരണത്തിന്റെ വക്കിൽനിന്ന് അർജന്റീന ലോകകപ്പിന് യോഗ്യത നേടിയത് കളിപ്രേമികളെ ഒട്ടുന്നുമല്ല ആഹ്ലാദിപ്പിച്ചിരിക്കുന്നത്. നിർണായകമായ അവസാന യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്.