ആലപ്പുഴ: അനധികൃത തെരുവു കച്ചവടക്കാർ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ വഴി മുടക്കിനടത്തുന്ന കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര.
എല്ലാവിധ ടാക്സുകളും തൊഴിലാളികൾക്ക് ശന്പളവും നൽകി വ്യാപാരം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാർക്കറ്റുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുതള്ളുന്ന സാധനങ്ങൾ ഉൾപ്പെടെ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്കെന്ന വ്യാജേനെ വ്യാപാരം നടത്തി പൊതുജനങ്ങളെ വഞ്ചിക്കുകയും വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്ന അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് രാജു അപ്സര സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി അന്പലപ്പുഴ താലൂക്ക് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. താലൂക്ക് പ്രസിഡൻറ് രഘുനാഥ് കാവുങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് പ്ലാമൂട്ടിൽ, ജില്ല ഭാരവാഹികളായ വി. സബിൽരാജ്, ജേക്കബ് ജോണ്, കെ.എസ്. മുഹമ്മദ്, എ.കെ. ഷംസുദീൻ, മുജീബ് റഹ്മാൻ, തോമസ് കണ്ടഞ്ചേരി, ഇബ്രാഹിംകുട്ടി, ബാലചന്ദ്രൻ, മൈതീൻകുഞ്ഞ്, പി.ഡി. അശോകൻ, അൻസിൽ മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.