ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡ് പുറന്പോക്കിലെ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുവാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ജില്ലാ കളക്ടർ, നഗരസഭ, പിഡബ്ല്യുഡി എന്നിവർക്ക് നോട്ടീസ് നൽകി.സാൻ മരിയ ജസ്റ്റിസ് ഫോറം സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടിയാണ് റോഡിലെ കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് വീതി കൂട്ടി സൗകര്യപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
ഏറെക്കാലമായി റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറി നടത്തിയിട്ടുള്ള നിർമാണങ്ങൾ പൊളിച്ചു മാറ്റാൻ നിരന്തരമായി പരാതികൾ നൽകിയതിനെ തുടർന്ന് തൃശൂർ ജില്ലാ സർവേയർ റോഡ് പുറന്പോക്ക് സർവെ നടത്തി കൈയേറ്റ ച്ചും കൈയേറിയവരുടെ പേര ു വിവരങ്ങളും നഗരസഭക്കും പിഡബ്ല്യുഡി അധികൃതർക്കും സമർപ്പിച്ചിരുന്നു.
എന്നാൽ നഗരസഭ തുടർ നടപടികൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, നഗരസഭ പാർക്ക് നിർമാണത്തിന്റെ പേരിൽ റിഫ്രാക്ടറീസ് സ്ഥലത്തിനോടനുബന്ധിച്ചുള്ള ഭാഗത്ത് റോഡ് പുറന്പോക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
നഗരസഭ തന്നെ റോഡ് കൈയേറ്റത്തിനു ഒരുന്പെടുന്നത് മറ്റു സ്വകാര്യ കൈയേറ്റക്കാർക്കും ഭൂമാഫിയകൾക്കും കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനു കളമൊരുക്കുന്നതിനാൽ നിർമാണങ്ങൾ നിർത്തിവെക്കാൻ നഗരസഭയോടും പിഡബ്ല്യുഡിയോടും ആവശ്യപ്പെട്ട പരാതികൾ നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
30 മീറ്ററോളം വീതി വിസ്തീർണ്ണം വരുന്ന റോഡും ട്രാംവെ റോഡും കൈയേറ്റങ്ങൾ ഒഴിവാക്കിയാൽ പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായി ഗതാഗതമൊരുക്കാൻ കഴിയുമെന്നു ഹർജിയിൽ പറയുന്നു. മുന്പ് കഐസ്ആർടിസി റോഡിലെ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റിയതിനു മുൻകൈയെടുത്തത് സാൻ മരിയ ജസ്റ്റിസ് ഫോറമായിരുന്നു.