അർജന്‍റീന ഫുട്ബോൾ മരിച്ചിരിക്കുന്നു; അടക്കം വരുന്ന ചൊവ്വാഴ്ച

നിസ്നി: ഹാ കഷ്ടം, ലോകമെമ്പാടുമുള്ള മെസി ആരാധകർ തലയിൽ കൈവച്ചുപോയ നിമിഷം, അർജന്‍റീനയുടെ വെള്ളയിൽ നീല വരകളുള്ള കുപ്പായത്തെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ തലകുമ്പിട്ടുപോയ നിമിഷം, ചുടുകണ്ണീർ വീണ് കാൽനഖങ്ങൾ പൊള്ളിയ നിമിഷം.

ഫുട്ബോൾ മാന്ത്രികൻ സാക്ഷാൽ ഡീഗോ മറഡോണയെ ഗാലറിയിൽ സാക്ഷിയാക്കി അർജന്‍റീന തോൽവിയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയിരിക്കുന്നു.

വെറും തോൽവിയല്ല, മുഖാമുഖം കണ്ടപ്പോഴൊക്കെ കീഴടക്കിയ ക്രൊയേഷ്യയോട് മൂന്നു ഗോളുകൾക്ക് തോറ്റ് തുന്നംപാടിയിരിക്കുന്നു. അതും എതിരില്ലാത്ത മൂന്നു ഗോളിന്. മെസിയും അഗ്യൂറോയും ഡെബാലയും ഹിഗ്വയിനും, മഷരാനോയും കളിച്ച പേരുംപെരുമയുമുള്ള അർജന്‍റീന ക്രൊയേഷ്യയുടെ മുന്നടിയിൽ വെന്തുവെണ്ണീറായിരിക്കുന്നു.

ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്കുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ റൗണ്ടിൽ പുറത്താകുന്നതിന്‍റെ അതിഗംഭീര നാണക്കേട് അർജന്‍റീനയെ തുറിച്ചുനോക്കുന്നു.

അടുത്ത മത്സരം വരുന്ന ചൊവ്വാഴ്ച നൈജീരിയയുമായി. കുഞ്ഞൻ ഐസ് ലൻഡിനോട് സമനില വഴങ്ങിയ, ക്രൊയേഷ്യയോട് മൂന്നു ഗോൾ തോൽവി ചോദിച്ചുവാങ്ങിയ സംപോളിക്കും കൂട്ടർക്കും ആശയ്ക്കുവകയൊന്നുമില്ല. മരണം സംഭവിച്ചിരിക്കുന്നു. ഇനി മാന്യമായൊരു ശവദാഹം!

ഗോൾ രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അർജന്‍റീനിയൻ വമ്പിനെ കീറിമുറിച്ച ആ മൂന്നു ഗോളുകളും. 53 ാം മിനിറ്റിൽ അർജന്‍റീനയുടെ ഗോളി വില്ലി കബല്ലെറോയുടെ ആന മണ്ടത്തരത്തിൽനിന്ന് ആ വൻമരം വീണുതുടങ്ങുന്നു. ഗോൾ അടിക്കാൻ അർജന്‍റീന മുഴുവനായും ക്രൊയേഷ്യയുടെ പകുതിയിൽ. പ്രതിക്ഷീക്കാത്ത നേരത്ത് ക്രൊയേഷ്യൻ കൗണ്ടർ.

പന്ത് മധ്യവരപിന്നിട്ട് അര്‍ജന്‍റൈൻ ബോക്സിലേക്ക് എത്തുമ്പോൾ ഗോള്‍ ഏരിയയില്‍ ഉണ്ടായിരുന്നത് രണ്ട് ഡിഫന്‍ഡര്‍മാര്‍. എങ്കിലും അത്ര വലിയ അപകടമൊന്നും ഉണ്ടായിരുന്നില്ല. പ്രതിരോധ താരം മെര്‍ക്കാഡോ ഗോളി വില്ലി കബല്ലെറോയ്ക്കു പന്ത് മറിച്ചുനൽകുന്നു.

കബല്ലെറോ ആ ബാക് പാസ് മെര്‍ക്കാഡോ‌യ്ക്കു തന്നെ മറിച്ചുനൽകാൻ ശ്രമിക്കുന്നു. എന്നാൽ കബല്ലെറോയ്ക്കു പിഴയ്ക്കുന്നു. പന്ത് നേരെ ക്രൊയേഷ്യയുടെ റെബിച്ചിന്‍റെ നേരെ. ഉയർന്നുവന്ന പന്ത് നിലംതൊടുമുമ്പ് റിബിച്ചിന്‍റെ കിടിലൻ വോളി. അർജന്‍റീനയുടെ നെഞ്ച് പിളർന്ന് പന്ത് വലയിൽ. ഗാലറി നിശബ്ദമായ നിമിഷം.

രണ്ടാം ഗോൾ, ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡിന്‍റെ മധ്യനിര ജനറൽ, 80 ാം മിനിറ്റിൽ അർജന്‍റീനയുടെ ബോക്സിലേക്ക് പന്തുമായി. മോഡ്രിച്ചിനെ ബോക്സിലേക്ക് വിടാതെ മുന്നിൽ ഓട്ടമെന്‍ഡി. പന്തുമായി ഇടത്തോട്ടും വലത്തോട്ടും പഴുതുനോക്കി വെട്ടിത്തിരിയുന്ന മോഡ്രിച്ച്.

പിന്നെ ബോക്സിലേക്ക് കയറാതെ വലതുവശത്തേക്ക് പന്തിനെ തള്ളിവിട്ട് ഓടിയടുത്ത് കനത്തൊരു ഷോട്ട്. വലതുപോസ്റ്റിനു വെളിയിലേക്ക് പറന്നുപോയ പന്ത് റാപോലെ വളഞ്ഞ് വലയിലേക്ക്. ഹാ! ക്ലാസിക് ഗോൾ.

മൂന്നാം ഗോൾ, രണ്ടു ഗോൾ വീണതോടെ കിളിപോയ അർജന്‍റീന എക്സ്ട്രാ ടൈമിൽ കൂട്ടത്തോടെ എതിർ ബോക്സിലേക്ക്. തുറന്നു കിടന്ന അർജന്‍റീനയുടെ ഗോൾ ഏരീയയിലേക്ക് വീണ്ടും ക്രൊയേഷ്യയുടെ കൗണ്ടർ. റാട്ടിക്കിച്ച് അടിച്ച ആദ്യ ഷോട്ട് കാബല്ലെറൊ തടഞ്ഞെങ്കിലും റീബൗണ്ട് പന്ത് കൊവിസിച്ചിനു നേരെ. കൊവിസിച്ച് അത് റാട്ടിക്കിച്ചിന് വീണ്ടും മറിച്ചു.

പന്തിനെ നിയന്ത്രിച്ച് വലയിലേക്ക് റാട്ടിക്കിച്ച് പറഞ്ഞുവിട്ടു. അർജന്‍റീനയുടെ നെഞ്ചിൽ അവസാന ആണി. ക്രൊയേഷ്യ അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കി. കളി കൈവിട്ട മെസിയും സംഘവും കളത്തിൽ അലഞ്ഞുതിരിഞ്ഞപ്പോൾ ഫൈനൽ വിസിൽ മുഴങ്ങി.

സംപോളി ഒന്നും പറയാതെ ഡഗ്ഔട്ടിലേക്ക് അതിവേഗം നടന്നുപോയി. മെസി തലകുമ്പിട്ട് ഏകനായി കളത്തിനു പുറത്തേക്ക്. മെസിയുടെ കണ്ണീരിലല്ല ഈ മത്സരം അറിയപ്പേടേണ്ടത്, ക്രൊയേഷ്യയുടെ സുന്ദര ഫുട്ബോളിൽ തന്നെയ‌ാവണം. അതെ മനോഹരമായി കളിച്ചവർ, കളി നിയന്ത്രിച്ചവർ ജയിച്ചിരിക്കുന്നു.

Related posts