എടവണ്ണ: ജീവിത ശൈലി രോഗം നേരിടാൻ എടവണ്ണ സിഎച്ച്സി ബോധവത്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരവും കൂട്ടയോട്ടവും നടത്തുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്.
ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണത്തിലൂടെയും കൂടുതൽ സങ്കീർണമാകാതെ ഇത്തരം രോഗങ്ങൾ പിടിച്ചു നിർത്താം. ഇതിനായി എടവണ്ണ സിഎച്ച്സിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും വിവിധയിടങ്ങളിൽ ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നാലിന് രാവിലെ ഒമ്പതര മുതൽ ഉച്ച വരെ എടവണ്ണ സലഫി മദ്രസയിൽ ജനങ്ങൾക്കായി സ്കീനിംഗ് ക്യാമ്പ് നടത്തും. രോഗനിയന്ത്രണത്തിനു വ്യായാമത്തിന്റെ പ്രാധാന്യം പകർന്നു നൽകുവാൻ അന്നേദിവസം വൈകുന്നേരം കൂട്ടയോട്ടവും സൗഹൃദ ഫുട്ബോൾ മത്സരവും നടത്തും.
എടവണ്ണ വെറ്ററൻസും സാമൂഹികാരോഗ്യ കേന്ദ്രവും തമ്മിലാണ് ഫുട്ബോൾ മത്സരം. താരങ്ങളെ എടവണ്ണ സീതിഹാജി പാലം മുതൽ സ്റ്റേഡിയം വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ സ്വീകരിച്ചാനയിക്കുമെന്നു സംഘാടകർ അറിയിച്ചു.
എടവണ്ണ സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. സി. മൊയ്തീൻകോയ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി.കെ ഷംസുദീൻ, ഡോ. പി.പി. ജനീഫ്, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹിമാൻ, ഹെൽത്ത് സൂപ്പർവൈസർ ഒ.കെ തോമസ് എന്നിവർ പ്രസംഗിച്ചു.