സാന്‍ സെബാസ്റ്റ്യന്‍ (സ്പെയിന്): സെര്‍ജിനോ ഡെസ്റ്റ്, ലയണല്‍ മെസി എന്നിവരുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലാ ലിഗ ഫുട്ബോളിലെ എവേ മത്സരത്തില്‍ ബാഴ്സലോണ 6-1ന് റയല്‍ സോസിദാദിനെ തകര്‍ത്തു.
ആന്ത്വാന് ഗ്രീസ്മാന്, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ ഓരോ ഗോൾ നേടി.ജയത്തോടെ ബാഴ്സലോണ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഈ മത്സരത്തിലൂടെ മെസി ബാഴ്ലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ കളിക്കാരനെന്ന (788) റിക്കാര്‍ഡ് സ്വന്തമാക്കി.
സാവിയുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണു തകര്‍ന്നത്. ജയത്തോടെ ബാഴ്സ കിരീടപോരാട്ടം ശക്തമാക്കി. 62 പോയിന്റുള്ള ബാഴ്സയെക്കാള്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ അത്ലറ്റിക്കോ മാഡ്രിഡാണു മുന്നില്‍. 60 പോയിന്റുള്ള റയല്‍ മാഡ്രിഡാണു മൂന്നാമത്.
36-ാം മിനിറ്റില്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. ഇടവേളയ്ക്കു പിരിയും മുമ്പ് യുഎസ് പ്രതിരോധതാരം ഡെസ്റ്റ് (43) ബാഴ്സയുടെ ലീഡ് രണ്ടാക്കി. 53-ാം മിനിറ്റില്‍ ഡെസ്റ്റ് അടുത്ത ഗോളും നേടി.
ബാഴ്സയുടെ നാലാം ഗോള്‍ മെസിയുടെ (56) വകയായിരുന്നു. മികച്ചൊരു സോളോ മുന്നേറ്റത്തിലുടെ ഡെംബെലെ (71) അഞ്ചാമത്തെ ഗോളും നേടി. സോസിദാദിന് ആശ്വാസം നല്‍കിക്കൊണ്ട് ആന്ദ്രെ ബാരെനെറ്റ്സിയ വലകുലുക്കി. മത്സരത്തിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്.
89-ാം മിനിറ്റില്‍ മെസി ഈ ലീഗ് സീസണിലെ 23-ാം ഗോളിലെത്തി. മെസിയാണു ഗോള്‍ നേടി യവരുടെ പട്ടികയില്‍ മുന്നില്‍.
സുവാരസും ഒബ്ലാക്കും ജയമൊരുക്കി
പെനല്‍റ്റി തടഞ്ഞ് ജാന്‍ ഒബ്ലാക്ക് അത്ലറ്റിക്കോ മാഡ്രിഡിന് അലാവ്സിനെതിരേ 1-0ന്റെ ജയമൊരുക്കി. 54-ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി. കരിയറില്‍ സുവാരസിന്റെ 500-ാമത്തെ ഗോളായിരുന്നു. ഉറുഗ്വെന്‍ ടീമില്‍ അംഗമായ സുവാരസ് ബാഴ്സലോണ, ലിവര്‍പൂള്‍, അയാക്സ് ക്ലബ്ബുകളിലാണു കളിച്ചത്.
പ്രതിരോധം ശക്തമാക്കി ഈ ലീഡ് അത്ലറ്റിക്കോയ്ക്ക് സൂക്ഷിക്കാനായി. എന്നാല്‍ 86-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സമനില നേടാന്‍ അലാവ്സിന് അവസരം ലഭിച്ചു. എന്നാല്‍ ജോസെലുവിന്റെ ഷോട്ട് തടഞ്ഞ് ഒബ്ലാക് അത്ലറ്റിക്കോയ്ക്കു ജയം നല്കി.