പള്ളുരുത്തി: ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ ഫ്ളക്സുകളും കൊടിതോരണങ്ങളും കളിക്കാരുടെ കാരിക്കേച്ചറുകളും ഉയർത്തി തങ്ങളുടെ ആവേശം വാനോളമുയർത്തുകയാണ് മട്ടാഞ്ചേരി ചേംബർ ജംഗ്ഷനിൽ ഒരു പറ്റം ചെറുക്കാർ. മട്ടാഞ്ചേരിയിലെ കൊച്ചിൻ ലെജന്റ് സ്പോർട്സ് ക്ലബാണ് ലോകകപ്പിനെ വലിയ ആവേശത്തോടെ എതിരേറ്റിരിക്കുന്നത്.
ക്ലബുകൾ മത്സരിച്ചാണ് ഇവിടെ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ ടീമിനും ആരാധകരുണ്ട്. ലോകകപ്പ് കളിക്കുന്ന 32 രാജ്യങ്ങളുടെയും പതാക ഇവർ പ്രദേശത്ത് ഉയർത്തിയിട്ടുണ്ട്. എല്ലാ ടീമുകളിലേയും പ്രധാനപ്പെട്ട 32ഓളം കളിക്കാരുടെ കാരിക്കേച്ചറുകൾ പ്രദേശത്തെ മതിലുകളിൽ നിറഞ്ഞു നിൽക്കുന്നു.
ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ എല്ലാ പ്രധാന കളിക്കാർക്കും ഇവിടെ ആരാധകരുണ്ട്. മത്സരങ്ങളെല്ലാം എല്ലാവരും ഒരുമിച്ചാണ് കാണുന്നത്. അതിനായി വലിയ സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിന്റെ തീപാറുന്ന മത്സരങ്ങളിൽ ഫുട്ബോളിലെ കരുത്തന്മാർക്ക് അടിപതറിയെങ്കിലും ഇവിടുത്തെ ആരാധകർക്ക് അതൊന്നും പ്രശ്നമല്ല. കാരണം ഇവർ നെഞ്ചിലേറ്റുന്നത് ഫുട്ബോൾ എന്ന വികാരത്തെയാണ്.