തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഫുട്ബോൾ അക്കാദമിയ്ക്ക് ഭൂമി വിട്ടുനൽകാനാകില്ലെന്ന തീരുമാനം സിൻഡിക്കേറ്റ് പുന:പരിശോധിക്കണമെന്നും പദ്ധതി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു സമരം ശക്തമാക്കുമെന്ന് പി.അബ്ദുൽഹമീദ് എംഎൽഎ അറിയിച്ചു.
മലബാറിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ഫുട്ബോൾ അക്കാദമി കാലിക്കട്ട് സർവകലാശാലയ്ക്ക് നഷ്ടമാകുമെന്ന ഘട്ടത്തിലാണ് എംഎൽഎയുടെ ഇടപെടൽ. ഇക്കാര്യമുന്നയിച്ച് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ ധർണ നടത്തുമെന്ന് എംഎൽഎ വ്യക്തമാക്കി.
സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്ര സഹായത്തോടെ കാലിക്കട്ട് സർവകലാശാലയിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതുമാണ്. 2016ൽ അന്നത്തെ സിൻഡിക്കേറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള തീരുമാനവുമെടുത്തു.
അന്താരാഷ്ട നിലവാരമുള്ള 200 കോടിയുടെ ഫുട്ബോൾ അക്കാദമി കേരളത്തിലേക്ക് കൊണ്ടുവരാൻ സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കട്ട് സർവകലാശാലാ ക്യാന്പസിനെ പരിഗണിച്ചത്. ഫുട്ബോൾ അക്കാദമിയ്ക്കായി സംസ്ഥാന സർക്കാർ പ്രത്യേക താൽപര്യവുമെടുത്തിരുന്നു.
അക്കാദമി സ്ഥാപിക്കാൻ മലബാറാണെന്ന് നല്ലതെന്ന് വിലയിരുത്തിയ മുൻ സിൻഡിക്കേറ്റ് 20 ഏക്കർ ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകുവാനാണ് തീരുമാനിച്ചിരുന്നത്. സർവകലാശാലയിലെ സൗകര്യം സംബന്ധിച്ച് സായിയുമായി പരസ്പരം ധാരണയിലുമെത്തി.
ഈ കാലയളവിനകം ഫുട്ബോൾ അക്കാദമി പ്രാരംഭ നടപടിയെന്നോളം സായി 20 കോടി ആദ്യഘഡുവായി അനുവദിക്കുകയും ചെയ്തു. എന്നാൽ മലബാറിന്റെ പൊതുവായും പ്രത്യേകിച്ച് കായിക വികസനത്തിനും സഹായകരമാവുന്ന വലിയ പദ്ധതിക്ക് പക്ഷേ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി ഏറ്റെടുത്ത സർവകലാശാല ഭൂമി വിട്ടുനൽകാനാകില്ലെന്ന് ഇപ്പോഴത്തെ എൽഡിഎഫ് സിൻഡിക്കേറ്റ് നിലപാടെടുക്കുകയായിരുന്നു.
സിൻഡിക്കേറ്റിന്റെ ഈ തീരുമാനം ഫുട്ബോൾ അക്കാദമി നഷ്ടപ്പെടാനിടയാക്കുമെന്ന സാഹചര്യത്തിലാണ് എംഎൽഎ ഇടപെടുന്നത്. സർവകലാശാലക്കും പ്രത്യേകിച്ച് മലബാറിനും കായിക വികസനത്തിന് സഹായകരമാകുന്ന അക്കാദമി നഷ്ടപ്പെടുത്തരുതെന്നാണ് എംഎൽഎയുടെ നിലപാട്.