തൃശൂർ: ഫ്ളെക്സും കട്ടൗട്ടും ഉയർത്താതെ രക്തദാനം നടത്തി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ വരവേറ്റ് യുവജനങ്ങൾ വേറിട്ട മാതൃകയായി. ഇഷ്ടടീമുകളുടെ ജേഴ്സിയണിഞ്ഞെത്തിയ ആരാധകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ് രക്തദാന ഷൂട്ടൗട്ട് മത്സരം നടത്തിയത്.
മത്സരം ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഉദ്ഘാടനം ചയ്തു. 58 തവണ രക്തദാനം നടത്തിയ മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ പി.ജെ.സ്റ്റൈജു മത്സരത്തിലെ ജേതാവായി. മികച്ച കളിക്കാരനായി അതിരൂപത സിഎൽസി പ്രസിഡന്റ് കൊരട്ടി ഇൻഫോപാർക്ക് ഉദ്യോഗസ്ഥനായ ജോമി ജോണ്‍സനെ തെരഞ്ഞെടുത്തു.
മികച്ച രക്തദാന വനിതാതാരമായി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്റ് സെന്റ് സിറിൾഫ് സ്കൂൾ അധ്യാപിക അന്പിളി പീറ്ററേയും മികച്ച രക്തദാന ക്ലബായി കൂനംമൂച്ചി വൈഫൈ ക്ലബിനെയും തെരഞ്ഞെടുത്തു.തങ്ങൾ കാണിച്ചു തന്ന ഈ മാതൃക പിന്തുടർന്ന് ഫുട്ബോൾ പ്രേമികൾ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി രക്തദാനം ചെയ്യാൻ സന്നദ്ധരായി രംഗത്തുവരണമെന്ന് കണ്‍വീനർ ബിൻസ് തരിയൻ പറഞ്ഞു. ലിയോണ്‍, എഡ്വിൻ, നിഖിൽ എന്നിവർ നേതൃത്വം നൽകി.