പത്തനംതിട്ട: വീണ്ടുമൊരു ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കലെത്തി നിൽക്കേ നാടെങ്ങും അതിന്റെ അലയടികൾ കണ്ടുതുടങ്ങി. കുട്ടികളും യുവാക്കളും മാത്രമല്ല, കാൽപന്ത് പ്രേമികളായ മുതിർന്നവരും തങ്ങളുടെ ടീമിനും കളിക്കാർക്കും വേണ്ടി വാദിച്ചുതുടങ്ങി. ഒപ്പം കാൽപന്തിന്റെ ആവേശത്തോടൊപ്പം ചേരാൻ ഇവരെല്ലാം തയാറുമായിട്ടുണ്ട്.
കാൽപന്തുകളിയുടെ ആരവം വാനോളം ഉയർത്താൻ ഗ്രാമപ്രദേശങ്ങളിലെ ക്ലബുകൾ ഉണർന്നു കഴിഞ്ഞു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി ഇഷ്ട ടീമുകളുടേയും കളിക്കാരുടേയും ചിത്രങ്ങൾ വിവിധ വർണത്തിൽ ചാലിച്ച ഫ്ളക്സ് ബോർഡുകളും സജീവമായി. ഫുട്്ബോളിന്റെ ആത്മാവ് ലോകകപ്പാണ്.
പെലയും, മറഡോണയും, സിദാനു നിറഞ്ഞു നിന്ന കാലം വിട്ട് ഇപ്പോൾ റൊണാൾഡോയും, മെസിയും, നെയ്മറുമാണ് ആരാധകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുന്നത്. ഇഷ്ടകളിക്കാരുടെ വലിയ കട്ടൗട്ടുകളും നിരത്തുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഫ്ളക്സ് ബോർഡുകളിൽ പരസ്പരം കുത്തുവാക്കുകൾ ചേർത്താണ് മത്സരിക്കുന്നത്.
പാടി പുകഴ്ത്താൻ പാരന്പര്യമില്ല താരസന്പന്നവുമില്ല മുന്നിൽ നിന്നു നയിക്കാൻ ആണൊരുത്തനുള്ളപ്പോൾ ഒന്നുറപ്പ് റഷ്യൻ മണ്ണിൽ ഈ പറങ്കിപ്പട തല ഉയർത്തി തന്നെ തിരിച്ചു വരും എന്ന് പോർച്ചുഗൽ ആരാധകർ എഴുതി പിടിപ്പിക്കുന്പോൾ കണക്കു തീർക്കാൻ കാൽപന്തുകളിയുടെ മാന്ത്രിക സ്പർശം സാംബാ നൃത്തച്ചുവടുകളുമായി കാനറി പക്ഷികൾ ഇറങ്ങി കഴിഞ്ഞു എന്ന മറുപടിയാണ് ബ്രസീൽ നൽകുന്നത്.
എന്നാൽ അനശ്വര രക്തസാക്ഷി ചെഗുവേരക്ക് ജന്മം നല്കിയ അർജന്റീനിയൻ മണ്ണിൽ നിന്നും ഞങ്ങൾ വരുന്നു എന്നാണ് അർജന്റീനിയൻ ആരാധകരുടെ മറുപടി. വൈകുന്നേരം ഇഷ്ടടീമിന്റെ ജഴ്സിയും അണിഞ്ഞ് ഇഷ്ടതാരങ്ങളുടെ ടാറ്റു കയ്യിലും കഴുത്തിലും പകർത്തി മുടി പ്രത്യേക രീതിയിൽ വെട്ടി അതതു ടീമംഗങ്ങൾ കളം നിറയും. മോസ്കോയിൽ എപ്രകാരമാണൊ പന്തുരുളാൻ പോകുന്നത് അതേ പകിട്ടോടെയാണ് നാട്ടിൻ പുറങ്ങളിലെ ഫുട്ബോൾ കോർട്ടുകളിൽ വൈകുന്നേരങ്ങളിൽ വിസിൽ മുഴങ്ങുന്നത്.
റൊണാൾഡോയും, മെസിയും, നെയ്മറും എല്ലാം കളം നിറഞ്ഞു കളിക്കും. ക്ലബുകൾ കേന്ദ്രീകരിച്ചുള്ള മത്സരങ്ങളും നടക്കുന്നുണ്ട്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഫിഫ വേൾഡുകപ്പിന്റെ മോഡലിലുള്ള ട്രോഫിയും കാഷ് പ്രൈസും നല്കും. ലോകകപ്പ് ആവേശം ഉൾക്കൊണ്ട് റാലികൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.