ന്യൂഡല്‍ഹി: ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പൊരുതിയതിന്റെ ഊര്‍ജവുമായി ഇന്ന് കളത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് എതിരാളികള്‍ വാള്‍ഡറാമയുടെയും ഹിഗ്വിറ്റയുടെയും പിന്മുറക്കാരായ കൊളംബിയ. ആദ്യമായി ഒരു ഫുട്ബോള്‍ ലോകകപ്പിനിറങ്ങിയ ഇന്ത്യ്ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു ആദ്യ മത്സരം.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കരുത്തരായ അമേരിക്കയോടു പരാജയപ്പെട്ടെങ്കിലും സ്കോര്‍കാര്‍ഡ് സൂചിപ്പിക്കും പോലെ അത്ര മോശമല്ലായിരുന്നു ഇന്ത്യന്‍ കൗമാരനിരയുടെ പ്രകടനം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തങ്ങളേക്കാള്‍ വമ്പന്മാരായ എതിരാളികളെ യാതൊരു പകപ്പുമില്ലാതെയാണ് അമര്‍ജിത് സിംഗ് കിയാമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പയ്യന്മാര് നേരിട്ടത്.
അതേ അഗ്നിപരീക്ഷണമാണ് ഇന്നും ഇന്ത്യയെ കാത്തിരിക്കുന്നത്. അതും അതേ സ്റ്റേഡിയത്തില്‍ തന്നെ. ആദ്യ കളി ഘാനയോടു തോറ്റെങ്കിലും ലാറ്റിനമേരിക്കക്കാരെ എഴുതിത്തള്ളാനാവില്ല. സ്വര്‍ണ തലമുടിക്കാരന്‍ കോമള്‍ തട്ടാലിന്റെ പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. തട്ടാലിനൊപ്പം മുന്നേറ്റനിരയില്‍ കളിച്ച അനികേത് യാദവും തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്.
പ്രതിരോധ ദ്വയങ്ങളായ അന്‍വര്‍ അലിയും ജിതേന്ദ്ര സിംഗും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും അമേരിക്കന്‍ മുന്നേറ്റ നിരയുടെ ശക്തി അവര്‍ക്ക് തടയാവുന്നതിലുമപ്പുറമായിരുന്നു.
ശാരീരികമായും സാങ്കേതികമായും ഇന്ത്യക്കാര്‍ പിറകിലായിരുന്നെങ്കിലും ഗോള്‍കീപ്പര്‍ മൊയ്റാങ്തെം ധീരജ് സിംഗിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യക്ക് ആശ്വാസമായിരുന്നു. പാസുകളുടെ കൃത്യതയിലും പന്തിലുള്ള ആദ്യ സ്പര്ശനത്തിലും ബോള്‍ പൊസിഷനിലുമെല്ലാം ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം പിന്നിലായിരുന്നു. അമേരിക്കന്‍ ആക്രമണത്തെ ചെറുക്കാനായി ഇന്ത്യക്കാര്‍ സ്വന്തം പകുതിയില്‍ തന്നെയാണ് ഏറിയ പങ്കും ചെലവഴിച്ചത്.
ആദ്യ മത്സരത്തില്‍ ഘാനയോടു തോറ്റതിന്റെ നിരാശ മറികടക്കാനും ടൂര്‍ണമെന്റില്‍ നിലനില്ക്കാനും കൊളംബിയയ്ക്ക് ജയം അനിവാര്യമാണ്. അമേരിക്കയും ഘാനയും തമ്മില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന ഗ്രൂപ്പിലെ ആദ്യ മത്സരവും തീപാറും. ഇരു ടീമുകളും ആദ്യ കളി ജയിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോള്‍ വ്യത്യസത്തില്‍ മുമ്പിലുള്ള അമേരിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്നത്തെ മത്സരം ജയിച്ച് നോക്കൗട്ടിലെത്താനാവും ഇരുടീമുകളും ശ്രമിക്കുക.