റഷ്യൻ ലോകകപ്പിലേക്ക് ശേഷിക്കുന്നത് 20 ദിനങ്ങൾമാത്രം. കളത്തിലെ താരങ്ങൾക്കൊപ്പംതന്നെ പ്രഗത്ഭരാണ് തന്ത്രമൊരുക്കുന്ന പരിശീലകരും. ഫുട്ബോൾ തന്ത്രജ്ഞരുടെ തന്ത്രങ്ങൾക്കനുസരിച്ച് കളത്തിൽ ഉപയോഗിക്കാനുള്ള കരുക്കൾ മാത്രാണ് കളിക്കാർ. കളിക്കാരെ കളിപഠിപ്പിക്കുന്ന സൂപ്പർ തന്ത്രജ്ഞരിലെ പ്രധാനികളാണ് ജർമനിയുടെ ജോവാക്വിം ലോയും അർജന്റീനയുടെ ഹൊർഹെ സാംപോളിയും.
ജോവക്വിം ലോ
റഷ്യൻ ലോകകപ്പിലെ സൂപ്പർ പരിശീലകൻ ആരാണെന്നു ചോദിച്ചാൽ ആദ്യ പേരായി ജോവാക്വിം ലോയെ പറയാത്തവർ വിരളമായിരിക്കും. ജർമനിക്കു നാലാം ലോകകപ്പു നേടിക്കൊടുത്ത പരിശീലകൻ. ഏതൊരു പരിശീലകന്റെയും വലിയ ആഗ്രഹമാണ് വിജയം ശീലമാക്കിയ ഒരു ടീമിനെ വാർത്തെടുക്കുക എന്നത്. തുടക്കത്തിൽ പലപ്പോഴും തന്ത്രങ്ങൾ പരാജയപ്പെട്ടേക്കാം.
പക്ഷേ, തുടർച്ചയായി കഠിനാധ്വാനം ചെയ്താൽ അത്തരമൊരു ടീമിനെ വാർത്തെടുക്കാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജോവക്വിം ലോ. മിക്ക പരിശീലകർക്കും ഇതു സാധിച്ചെന്നു വരില്ല. കാരണം, രണ്ടോ മൂന്നോ പരാജയങ്ങളുടെ പേരിൽ ഫുട്ബോൾ ഫെഡറേഷനുകൾ കോച്ചിനെ മാറ്റിക്കളയും.
ദുംഗയുടെയും ബൗസയുടെയും ഗതി നമ്മൾ കണ്ടു കഴിഞ്ഞു. ലോയ്ക്ക് വലിയ ഭാഗ്യമുണ്ടെന്നു പറയാം. കഴിഞ്ഞ 12 വർഷമായി അദ്ദേഹം ജർമനിയുടെ കോച്ചാണ്. 2004 ൽ വിഖ്യാത ജർമൻ ഫുട്ബോളറായിരുന്ന യുർഗൻ ക്ലിൻസ്മാന്റെ കീഴിൽ സഹപരിശീലകനായാണ് ലോ ജർമൻ ടീമിനൊപ്പം ചേരുന്നത്.
2006 ൽ ക്ലിൻസ്മാൻ പദവി ഒഴിഞ്ഞപ്പോൾ ജർമൻ കായിക വകുപ്പിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാൻ ഒരു പ്രയാസവുമുണ്ടായില്ല, ലോ തന്നെ. അദ്ദേഹത്തിന്റെ പരിശീലന മികവ് ആദ്യം പരീക്ഷിക്കപ്പെട്ടത് 2006 ലോകകപ്പിൽ. അന്ന് ഒരു സ്ട്രൈക്കറെ മുന്നിൽ നിർത്തി അദ്ദേഹം നടത്തിയ പരീക്ഷണം ഭാഗികമായി വിജയമായിരുന്നുവെന്നു പറയാം. മിഷേൽ ബല്ലാക്കായിരുന്നു അദ്ദേഹം വിശ്വസിച്ച താരം.
മൂന്നു കളികളിൽ അദ്ദേഹം ഗോളടിച്ചു. മൂന്നു മത്സരങ്ങളും ജയിച്ച് ജർമനി സെമിയിലെത്തി. മൂന്നു മത്സരങ്ങളും ജയിച്ചത് 1-0 ന്. ബല്ലാക്കിന്റെ ഗോൾ വീണു കഴിഞ്ഞാൽ ടീം പൂർണമായും പ്രതിരോധത്തിലൂന്നും. പക്ഷേ, സെമിയിൽ ലോയുടെ തന്ത്രം പാളി. ജർമനിയുടെ തന്ത്രം മനസിലാക്കിയ ഇറ്റലി ബല്ലാക്കിനെ പൂട്ടി. ഒടുവിൽ അതു സംഭവിച്ചു. ബല്ലാക്ക് ഗോളടിച്ചില്ല. ജർമനി തോറ്റു. അത്തവണ കിരീടവും ഇറ്റലിക്കായിരുന്നു.
2010 ലോകകപ്പിലും സെമിയിൽ തോൽക്കാനായിരുന്നു ലോയുടെ വിധി. സ്പെയിനായിരുന്നു എതിരാളികൾ. കിരീടത്തിൽ മുത്തമിട്ടതും സ്പെയിൻ തന്നെ. 2014 ൽ എത്തിയപ്പോൾ കഥ മാറി. ആദ്യ മത്സരം മുതൽ ചാന്പ്യൻമാരാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ജർമനി ഇടംപിടിച്ചു. ഒടുവിൽ ലോ അതു നേടി.
മെസിയുടെ അർജന്റീനയെ തകർത്ത് ലോ കിരീടം ജർമനിയിലെത്തിച്ചു. ഒരു കാര്യം ഉറപ്പിച്ചു പറയാം. റഷ്യന്‍ ലോകകപ്പില്‍ പരിശീലകരിലെ താരം ജര്‍മനിയുടെ ജൊവാക്വിം ലോ തന്നെ. ലോകകപ്പ് ജർമനിയിൽ തന്നെ സൂക്ഷിക്കാനാണ് ലോയും സംഘവും ആഗ്രഹിക്കുന്നത്.
ഹൊര്‍ഹെ സംപോളി
അർജന്റീനയുടെ വാഴ്ചയും വീഴ്ചയും ലോകഫുട്ബോളിൽ എക്കാലവും വലിയ ചർച്ചകൾക്കും വിശകലനങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്. ലോകകപ്പിൽ അർജന്റീന മുത്തമിട്ടിട്ടുള്ളത് രണ്ടു തവണമാത്രം. 1978ലും 86 ലും. പക്ഷേ, അഞ്ചുതവണ ലോകകപ്പ് നേടിയ ബ്രസീലിനൊപ്പം അർജന്റീനയുടെ കളി ചർച്ച ചെയ്യപ്പെടാറുണ്ട്. അക്കാരണത്താൽ തന്നെ അർജന്റീനയുടെ താരനിരയ്ക്കൊപ്പം പരിശീലകനും വാർത്തകളിൽ നിറയാറുണ്ട്.
2015 ൽ അർജന്റീനയെ കീഴടക്കി ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ഹൊർഹെ സംപോളിയാണ് അർജന്റീനയുടെ പരിശീലകൻ. ലോകകപ്പ് യോഗ്യതാ റൗണ്ടിനിടെ ടിറ്റെയോട് ബ്രസീൽ ആവശ്യപ്പെട്ടതു തന്നെയാണ് സംപോളിയോട് അർജന്റീനയും ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും ടീമിനെ ലോകകപ്പിനെത്തിക്കണം. സംപോളി വാക്കു പാലിച്ചു. ബ്രസീലിൽ ദുംഗയ്ക്കാണു പദവി ഒഴിയേണ്ടിവന്നതെങ്കിൽ ഇവിടെ എഡ്ഗാര്‍ഡോ ബൗസയായിരുന്നു പുറത്താക്കപ്പെട്ടത്.
പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ പ്രതികരണത്തിൽ സംപോളി ഏവരെയും ഞെട്ടിച്ചു. അർജന്റീനയുടെ പരിശീലകനാവുക എന്നത് തന്റെ സ്വപ്നമേ ആയിരുന്നില്ലെന്നു പറഞ്ഞ അദ്ദേഹം പക്ഷേ, മെസിയുടെ പരിശീലകനാവുകയെന്നത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും പറഞ്ഞു. ലോകകപ്പിൽനിന്നു പുറത്തേക്കുള്ള വാതിൽപ്പടിയിൽ നിൽക്കെയാണ് അർജന്റീന സംപോളിയെ വിളിക്കുന്നത്.
ബൊളീവിയയോട് 2-0 ന് തോറ്റ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്ത്, പ്ലേ ഒാഫ് കളിക്കേണ്ട ഘട്ടത്തിലാണ് സംപോളി ടീമിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നത്. പക്ഷേ, സംപോളിയുടെ ഭാഗ്യം മെസിയുടെ രൂപത്തിലെത്തിയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. മെസിയുടെ ഹാട്രിക്കിൽ ഇക്വഡോറിനെ 3-1 ന് തകർത്ത് അർജന്റീന റഷ്യയിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തി.
മെസിയെന്ന സൂപ്പർ താരത്തെ കേന്ദ്രീകരിച്ച് തന്ത്രങ്ങൾ മെനയുന്നതായിരുന്നു ബൗസയുടെ രീതി. എന്നാൽ, അത് ലോകകപ്പ് പോലൊരു വേദിയിൽ ഗുണം ചെയ്യില്ലെന്നും ടോട്ടൽ ഫുട്ബോളാണ് കളിക്കേണ്ടതെന്നുമാണ് സംപോളിയുടെ നിലപാട്. നിലവിലെ സംഘത്തിനെ ടീം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കാൽ മസിലിനേറ്റ ഗുരുതര പരിക്കിനെത്തുടർന്ന് പത്തൊൻപതാം വയസിൽ കളിക്കളത്തിൽനിന്നു പുറത്തു പോവേണ്ടിവന്നയാളാണ് അന്‍പത്തിയെട്ടുകാരനായ സംപോളി. പക്ഷേ, ഫുട്ബോളിൽനിന്ന് അദ്ദേഹം പുറത്തുപോയില്ല. അദ്ദേഹത്തിനറിയാം കിരീടനേട്ടത്തിൽ കുറഞ്ഞൊന്നും അർജന്റീനയിൽനിന്ന് ആരാധകരും ലോകവും പ്രതീക്ഷിക്കുന്നില്ലെന്ന്. 32 വർഷങ്ങൾക്കു ശേഷം ഹൊർഹെ ലൂയി സംപോളി മോയയും കൂട്ടരും ചരിത്രം ആവർത്തിക്കുമെന്ന് രോ അർജന്റീനക്കാരനും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
സന്ദീപ് സലിം
(നാളെ ഇംഗ്ലണ്ടിന്റെ സൗത്ത്ഗേറ്റിനെയും സ്പെയിനിന്റെ ജൂലൻ ലോപാടെഹിയെയും കുറിച്ച്)