ഇരിങ്ങാലക്കുട: റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ കളി ആരവങ്ങളിൽ ലോകം മുഴുകുന്പോൾ കഴിഞ്ഞകാല ലോകകപ്പ് മത്സരങ്ങളെയും ചരിത്ര സംഭവങ്ങളെയും പോക്കറ്റിൽ സൂക്ഷിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കരുപ്പടന്ന സ്വദേശിയായ മൈഷൂക്ക്.
കഴിഞ്ഞ നാളുകളിൽ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ വൈവിധ്യമാർന്ന ഫുട്ബോൾ മേളകളുടെ വർണചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാന്പുകളുടെ വൻ ശേഖരത്തിന്റെ മുതലാളിയാണ് മൈഷൂക്ക്.
ഫുട്ബോളുമായി ബന്ധപ്പെട്ട് റുമാനിയ, ക്യൂബ, വിയറ്റ്നാം, സൗദി അറേബ്യ, യുഎഇ, റഷ്യ, മൗറീഷ്യസ്, കൊറിയ, സ്പെയിൻ, ഹോളണ്ട്, ഹംഗറി, മംഗോളിയ, നേപ്പാൾ, ജർമനി, ഈജിപ്ത്, ഇംഗ്ലണ്ട്, ബ്രസീൽ, ഫ്രാൻസ് തുടങ്ങി 27 രാഷ്ട്രങ്ങളുടെ സ്റ്റാന്പുകൾ മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാന്പ് ശേഖരത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ലോകകപ്പിന്റെ ആവേശതിമിർപ്പിൽ നാടും നഗരവും ഇഷ്ട ടീമുകളുടെ ദേശീയപതാകയും ഇഷ്ട താരങ്ങളുടെ ഫ്ളക്സ് ബോർഡുകളും ഉയരുന്പോഴും ജേഴ്സിയണിഞ്ഞ ഫുട്ബോൾ പ്രേമികൾ കായിക മത്സരാവേശത്തോടെ കൊന്പുക്കോർക്കുന്പോൾ എല്ലാ രാജ്യങ്ങളുടെയും സ്റ്റാന്പ് ശേഖരിക്കലാണ് മൈഷൂക്കിന്റെ ഹോബി. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാന്പ് ക്ലബ് അംഗത്വവും ജില്ലാ ഫിലാറ്റ്ലി ക്ലബ് അംഗവും ജില്ലാ ഫിലാറ്റ്ലി ബ്യൂറോ അംഗവുമാണിദ്ദേഹം.
40 വർഷമായി ഈ രംഗത്ത് നിലനിൽക്കുന്ന ഇദ്ദേഹത്തിന്റെ കൈയിൽ വിവിധ രംഗവുമായി ബന്ധപ്പെട്ട 60,000 ത്തിലേറെ വൈവിധ്യ സ്റ്റാന്പുകൾ, നഗ്നനേത്രങ്ങൾകൊണ്ട് വായിക്കാൻ കഴിയാത്ത ഖുർആൻ, പുരാവസ്തുക്കൾ എന്നിവയുടെയും ശേഖരമുണ്ട്.
138 രാഷ്ട്രങ്ങളുടെ സ്റ്റാന്പ്, 128 രാഷ്ട്രങ്ങളുടെ നാണയം, 146 രാഷ്ട്രങ്ങളുടെ പേപ്പർ കറൻസി എന്നിവയുടെയും ശേഖരം ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ കറൻസിയും മൈഷൂക്ക് കരൂപ്പടന്നയുടെ ശേഖരത്തിലുണ്ട്.